ന്യൂഡല്‍ഹി: സുഷമ സ്വരാജ് എന്ന ഇന്ത്യയുടെ പ്രിയപ്പെട്ട ‘ദീദി’ ഇനി ജ്വലിക്കുന്ന ഓര്‍മ്മ. കഴിഞ്ഞദിവസം അന്തരിച്ച മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് ഔദ്യോഗിക ബഹുമതികളോടെ രാജ്യം വിട നല്‍കി. രാജ്യത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും അന്തിമോപചാരം അര്‍പ്പിക്കാനെത്തി. ഏക മകള്‍ ബന്‍സൂരി സ്വരാജ് മരണാനന്തര കര്‍മ്മങ്ങള്‍ നടത്തി.
ഡല്‍ഹിയിലെ ലോധി റോഡ് വൈദ്യുത ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. പ്രധാനമന്ത്രി നരേന്ദ്രമോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങി ബിജെപിയുടെ മുതിര്‍ന്ന നേതാക്കളെല്ലാം ലോധി റോഡ് ശ്മശാനത്തിലെത്തിയിരുന്നു. സുഷമാ സ്വരാജിന്റെ നിര്യാണത്തെ തുടര്‍ന്ന് ഡല്‍ഹിയിലും ഹരിയാനയിലും രണ്ടുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു സുഷമ സ്വരാജിന്റെ അന്ത്യം. 67 വയസ്സായിരുന്നു. ആദ്യ നരേന്ദ്ര മോഡി മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു സുഷമ സ്വരാജ്. ഡല്‍ഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും ഹരിയാനയിലെ പ്രായം കുറഞ്ഞ മന്ത്രിയുമായിരുന്നു.
Delhi: PM Narendra Modi, Home Minister Amit Shah, Defence Minister Rajnath Singh and former Bhutan PM Tshering Tobgay at Lodhi crematorium. #SushmaSwaraj pic.twitter.com/YfIX6o51sp
— ANI (@ANI) 7 August 2019
മുതിര്‍ന്ന ബിജെപി നേതാവ്, ലോക്‌സഭയിലെ മുന്‍പ്രതിപക്ഷ നേതാവ്, ഡല്‍ഹി മുന്‍ മുഖ്യമന്ത്രി, രണ്ടു തവണ ഹരിയാനയില്‍ സംസ്ഥാന മന്ത്രി. നാല് ബിജെപി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. 1996,1998,1999 വാജ്‌പേയ്, 2014 നരേന്ദ്ര മോദി മന്ത്രിസഭകളിലായി വാര്‍ത്താ വിതരണ പ്രക്ഷേപണം, വാര്‍ത്താ വിനിമയം, ആരോഗ്യം കുടുംബക്ഷേമം, പാര്‍ലമെന്ററി കാര്യം, വിദേശകാര്യം, പ്രവാസികാര്യം വകുപ്പുകള്‍ കൈകാര്യം ചെയ്തു.
പതിനഞ്ചാം ലോക്‌സഭയില്‍ സുഷമ സ്വരാജ് പ്രതിപക്ഷനേതാവായിരുന്നു. മൂന്ന് തവണ രാജ്യസഭയിലേക്കും നാല് തവണ ലോക്‌സഭയിലേക്കും സുഷമ സ്വരാജ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സോഷ്യലിസ്റ്റ് നേതാവും മിസോറം മുന്‍ ഗവര്‍ണറും സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണ് സുഷമയുടെ ഭര്‍ത്താവ്. രാജ്യസഭയില്‍ ഒരേ കാലത്ത് അംഗങ്ങളായിരുന്ന ദമ്പതികളെന്ന ബഹുമതിയും ഇവര്‍ക്കുണ്ട്. ബന്‍സൂരി ഏക പുത്രി.
Delhi: Bansuri Swaraj, daughter of former External Affairs Minister #SushmaSwaraj, performs her last rites pic.twitter.com/ymj82SjG1i
— ANI (@ANI) 7 August 2019