മുംബൈ: ഒരുപാട് ജീവിതങ്ങള്‍ നിറയുന്ന ഫേസ്ബുക്ക് പേജാണ് ഹ്യുമന്‍സ് ഓഫ് ബോംബെ. ജീവിതത്തില്‍ പരാജയപ്പെട്ടവരും, പരാജയത്തില്‍ നിന്ന് ജയിച്ച് കയറിയവരും തുടങ്ങി നിരവധി ജീവിതങ്ങളാണ് ഇവിടെ ദിനവും പ്രത്യക്ഷപ്പെടുന്നത്. ഇപ്പോള്‍ ഒരു അച്ഛന്റെയും മകളുടെയും ജീവിതമാണ് ചര്‍ച്ചയാകുന്നത്.
പ്രായം ഏറിയിട്ടും പഠിക്കണം എന്ന അച്ഛന്റെ അടങ്ങാത്ത ആഗ്രഹത്തിന് ഈ മകള്‍ നല്‍കിയത് പൂര്‍ണ്ണ പിന്തുണയായിരുന്നു. അങ്ങനെ മകള്‍ നിയമം പഠിക്കുന്ന അതേ കോളേജില്‍ ഈ അച്ഛനും അഡ്മിഷന്‍ എടുത്തു. ഇപ്പോള്‍ മകളുടെ ജൂനിയറായി പഠിക്കുകയാണ് പിതാവ്.
മകള്‍ ഹ്യുമന്‍സ് ഓഫ് ബോംബെ പേജില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണ രൂപം;
‘നിയമപഠനത്തില്‍ അച്ഛന്‍ വളരെ തല്‍പരനായിരുന്നു. ചെറുപ്പത്തില്‍ നിയമം പഠിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാല്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം സാധിച്ചില്ല. പിന്നീട് കണ്‍സള്‍ട്ടന്റായി ഒരു കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. ഞാന്‍ എല്‍എല്‍ബിയാണ് പഠിക്കുന്നത്. എന്റെ വിഷയത്തെക്കുറിച്ചും പഠനത്തെക്കുറിച്ചും അച്ഛന്‍ എപ്പോഴും തിരക്കും. എന്റെ സഹോദരി ഡോക്ടറും രണ്ട് സഹോദരന്മാര്‍ അഭിഭാഷകരുമാണ്.
ഒരിക്കല്‍ നിയമം പഠിക്കണമെന്ന് അച്ഛന്‍ എന്നോട് പറഞ്ഞു. കൂട്ടുകാരോടും അടുപ്പമുള്ളവരോടും അഭിപ്രായം തേടി ഞാന്‍ പഠിക്കുന്ന കോളേജില്‍, എന്റെ ജൂനിയറായി അച്ഛനെത്തി. എന്റെ കൂട്ടുകാരോടൊത്ത് അച്ഛന്‍ ഇരിക്കുന്നു, സൗഹൃദം സ്ഥാപിക്കുന്നു.
അച്ഛന്റെ തിരിച്ചുവരവ് എന്നില്‍ സന്തോഷമുണ്ടാക്കുന്നു. ഞങ്ങള്‍ക്ക് ഒരുമിച്ച് പ്രാക്ടീസ് തുടങ്ങാനാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അച്ഛന്‍ എനിക്കുവേണ്ടി എന്താണോ ചെയ്തത്, അതെല്ലാം തിരികെ നല്‍കാന്‍ എനിക്ക് സാധിക്കുമെന്ന് ഞാന്‍ കരുതുന്നു’