ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ വിദേശകാര്യമന്ത്രിയുമായ സുഷമ സ്വരാജിന് ആദരാഞ്ജലികൾ അർപ്പിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജ്യത്തിന് നഷ്ടമായത് ധീരയായ ഒരു നേതാവിനെയാണെന്ന് രാഷ്ട്രപതി അനുശോചന സന്ദേശത്തിൽ പറഞ്ഞു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം സുഷമയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തിയിരുന്നു.
ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് ഡൽഹി എയിംസ് ആശുപത്രിയിൽ സുഷമ സ്വരാജിനെ പ്രവേശിപ്പിച്ചത്. കുറച്ച് നാളായി രോഗബാധിതയായിരുന്നു. 2016ൽ സുഷമ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. 2019-ലെ തെരഞ്ഞെടുപ്പിൽ അനാരോഗ്യം കാരണം സുഷമ വിട്ടുനിൽക്കുകയും ചെയ്തിരുന്നു.
1996, 1998, 1999-വാജ്‌പേയ്, 2014-നരേന്ദ്ര മോഡി എന്നിങ്ങനെ നാല് ബിജെപി സർക്കാരിൽ മന്ത്രിയായിരുന്നു സുഷമ. മന്ത്രിസഭകളിലായി വാർത്താ വിതരണ പ്രക്ഷേപണം, വാർത്താ വിനിമയം, ആരോഗ്യം കുടുംബക്ഷേമം, പാർലമെന്ററി കാര്യം, വിദേശകാര്യം, പ്രവാസികാര്യം വകുപ്പുകൾ കൈകാര്യം ചെയ്തു. പതിനഞ്ചാം ലോക്‌സഭയിൽ പ്രതിപക്ഷനേതാവായി.
മൂന്നു തവണ രാജ്യസഭയിലേക്കും നാലു തവണ ലോക്‌സഭയിലേക്കും സുഷമ സ്വരാജ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും ഹരിയാനയിലെ പ്രായം കുറഞ്ഞ മന്ത്രിയുമായിരുന്നു. മുതിർന്ന ബിജെപി നേതാവ്, ലോക്സഭയിലെ മുൻപ്രതിപക്ഷ നേതാവ്, ഡൽഹി മുൻ മുഖ്യമന്ത്രി, രണ്ടു തവണ ഹരിയാനയിൽ സംസ്ഥാന മന്ത്രിയുമായിരുന്നു. സോഷ്യലിസ്റ്റ് നേതാവും മിസോറം മുൻ ഗവർണറും സുപ്രീംകോടതി മുതിർന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണ് സുഷമയുടെ ഭർത്താവ്. രാജ്യസഭയിൽ ഒരേ കാലത്ത് അംഗങ്ങളായിരുന്ന ദമ്പതികളെന്ന ബഹുമതിയും ഇവർക്കുണ്ട്. ബൻസൂരിയാണ് ഏക പുത്രി.