ന്യൂഡല്‍ഹി: സുഷമ സ്വരാജ്, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ശക്തയായ സ്ത്രീസാന്നിധ്യം. രാഷ്ട്രീയം മറന്നും അവരുടെ വാക്കുകള്‍ക്കായി ജനങ്ങള്‍ ഒന്നടങ്കം കാതോര്ത്തിരിന്നിട്ടുണ്ട് പലപ്പോഴും. ബിജെപിയുടെ ജനകീയമുഖമാണ് സുഷമ, വിദേശകാര്യമന്ത്രിയായിരിക്കെ അവരെടുത്ത നടപടികളാണ് ജനഹൃദയങ്ങളില്‍ സുഷമയ്ക്ക് സ്ഥാനം നല്‍കിയത്. ആ ജനകീയ മുഖം വിടവാങ്ങുമ്പോള്‍ രാജ്യത്തിന് നഷ്ടമായത് ഏറ്റവും പ്രിയപ്പെട്ട നേതാവിനെയാണ്.
രാഷ്ട്രീയരംഗത്തും ഭരണരംഗത്തും ഒരുപോലെ കഴിവ് തെളിയിച്ച നേതാവായിരുന്നു സുഷമ സ്വരാജ്. മരിക്കുന്നതിന് ഏതാനും മണിക്കൂര്‍ മുന്‍പാണ് കാശ്മീര്‍ ബില്‍ പാസാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അഭിനന്ദിച്ച് സുഷമ ട്വീറ്റ് ചെയ്തിരുന്നു. താന്‍ തന്റെ ജീവിതത്തില്‍ ഉടനീളം ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു എന്നാണു സുഷമ ട്വീറ്റ് ചെയ്തിരുന്നത്.
1953 ഫെബ്രുവരി 14ന് ഹരിയാനയില്‍ ജനിച്ച സുഷമ സ്വരാജ് കുട്ടിക്കാലം മുതല്ക്കേ മികച്ച പ്രസംഗികയായിരുന്നു. ഹരിയാനയിലുള്ള പാല്വാല് എന്ന സ്ഥലത്താണ് സുഷമാ സ്വരാജ് ജനിച്ചത്. അച്ഛന് ഹര്‍ദേവ് ശര്‍മ്മ അറിയപ്പെടുന്ന ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു. സംസ്കൃതവും, രാഷ്ട്രശാസ്ത്രവും ഐഛിക വിഷയമായെടുത്ത് അവര്‍ ബിരുദം കരസ്ഥമാക്കി. പഞ്ചാബ് സര്‍വ്വകലാശാലയില്‍ നിന്നും നിയബിരുദം നേടിയശേഷം സുപ്രീംകോടതിയില്‍ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തു.
1970ല്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് എന്ന വിദ്യാര്‍ത്ഥി സംഘടനയിലൂടെയാണ് സുഷമ രാഷ്ട്രീയത്തിലേക്ക് കാല്‍വെക്കുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്നും സുഷമ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയര്‍ന്നു. 1975 ലെ അടിയന്തരാവസ്ഥക്കെതിരേ ശക്തമായ പ്രചാരണം നടത്തി.
1977 മുതല്‍ 1982 വരേയും, 1987 മുതല്‍ 90 വരേയും ഹരിയാന നിയമസഭയില്‍ അംഗമായിരുന്നു. 1977ല്‍ ഹരിയാനയില്‍, ദേവിലാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ കേവലം 25 വയസ്സായിരുന്നു പ്രായം.
1977 മുതല്‍ 1980 വരെ ജനത പാര്‍ട്ടി സര്‍ക്കാരിനും കേന്ദ്രമന്ത്രിസ്ഥാനം അലങ്കരിച്ചു.
1980ല്‍ ജനതാ പാര്‍ട്ടിയില്‍ നിന്നു ജനസംഘവിഭാഗം പിരിഞ്ഞു ബിജെപി രൂപീകരിച്ചതു മുതല്‍ സുഷമ പാര്‍ട്ടിയിലുണ്ട്. ദേശീയ നേതൃത്വത്തിലെത്തിയ അവര്‍ 1990ല്‍ രാജ്യസഭാംഗമായി. 1998ല്‍ ഡല്‍ഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി.
2000 മുതല്‍ 2003 വരെ വാജ്പേയി മന്ത്രിസഭയില്‍ വിവര സാങ്കേതിക വകുപ്പ് മന്ത്രിയായിരുന്നു. 2009ലും 2014ലും മധ്യപ്രദേശിലെ വിദിശയില്‍ നിന്നായിരുന്നു ലോക്സഭാ വിജയം. ഹരിയാനയിലെ കര്‍ണാല്‍ ലോക്സഭാ മണ്ഡലത്തില്‍ ’80, ’89 തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട ചരിത്രവും സുഷമയ്ക്കുണ്ട്. രാജ്യത്ത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ വക്താവാകുന്ന ആദ്യ വനിതയെന്ന റെക്കോഡും സുഷമക്ക് സ്വന്തം.
2014 മുതല്‍ 2019 വരെ ആദ്യ മോഡി മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു. ആരോഗ്യകാരണങ്ങളാല്‍ 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ സുഷമ സ്വരാജ് മത്സരിച്ചിരുന്നില്ല.
വിദേശകാര്യമന്ത്രിയെന്ന നിലയില്‍ ആഗോള പ്രശംസ നേടിയ നേതാവാണ് സുഷമ സ്വരാജ്. വിദേശത്തുള്ള ബന്ധുക്കള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ട്വിറ്റര്‍ വഴി സമീപിച്ചവര്‍ക്കൊക്കെ അവര്‍ സഹായവുമായെത്തി. പാകിസ്താനില്‍ നിന്നുള്ള ബാലന് ഇന്ത്യയില്‍ ചികിത്സ ലഭ്യമാക്കിയത് വിവിധ മേഖലകളില്‍ നിന്നുള്ള പ്രശംസ പിടിച്ചു പറ്റി. രക്ഷിതാക്കളെ തേടി പാക്കിസ്ഥാനിന് നിന്ന് ഇന്ത്യയിലെത്തിയ മൂകയും ബധിരയുമായ ഗീതയെന്ന പെണ്‍കുട്ടിയുടെ സംരക്ഷണത്തിനായി സുഷമ സ്വീകരിച്ച നടപടികളും ഏറെ കൈയ്യടികള്‍ നേടിയിരുന്നു. രാജ്യത്തിന്റെ ഒന്നാകെ സ്നേഹം ഏറ്റവാങ്ങിയാണ് സുഷമാജി യാത്രയാവുന്നത്.
Discussion about this post