കശ്മീര്‍ പുനഃസംഘടനാ ബില്‍ ലോക്സഭയും കടന്നു; പിന്തുണച്ച് ജ്യോതിരാദിത്യ സിന്ധ്യയും

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിനെ രണ്ടായി വിഭജിക്കുന്ന ജമ്മു കശ്മീര്‍ പുനഃസംഘടനാ ബില്‍ ലോക്സഭ പാസാക്കി. 370 അംഗങ്ങള്‍ പ്രമേയത്തെ പിന്തുണച്ചപ്പോള്‍ 70 പേര്‍ എതിര്‍ത്തു. കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്ത് മാറ്റുന്ന ബില്‍ ഇന്നലെ രാജ്യസഭ പാസാക്കിയിരുന്നു. ഇനി ബില്ലില്‍ രാഷ്ട്രപതി കൂടി ഒപ്പ് വയ്ക്കുമ്പോള്‍ അത് നിയമമാകും.

ഇതോടെ മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ജമ്മു കാശ്മീര്‍ പൂര്‍ണമായും ഇന്ത്യയുടെ അധീനതയില്‍ വന്നുചേരും. ലോക്‌സഭയില്‍ 351 പേരാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. അതായത് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബില്‍ പാസായത്. 72 ലോക്‌സഭാ അംഗങ്ങള്‍ പ്രമേയത്തിനെ എതിര്‍ക്കുകയും ചെയ്തു. കോണ്‍ഗ്രസ്, ഡിഎംകെ, സിപിഎം സിപിഐ എന്നീ പാര്‍ട്ടികളാണ് പ്രമേയത്തെ എതിര്‍ത്ത് കൊണ്ട് വോട്ട് ചെയ്തിരിക്കുന്നത്.

ബില്ലിനെ പിന്തുണച്ചുകൊണ്ട് മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംപി ജ്യോതിരാദിത്യ സിന്ധ്യയും വോട്ട് ചെയ്തു. രാജ്യത്തിന് ഗുണകരമായ തീരുമാനമാണിതെന്നാണ് സിന്ധ്യ പ്രതികരിച്ചത്.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും, സംസ്ഥാനത്തെ വിഭജിക്കാനുമുള്ള പ്രമേയത്തിലും ബില്ലുകളിന്‍മേലും കൃത്യമായ നിലപാടില്ലാതെ കോണ്‍ഗ്രസ് ഉഴറുന്നതിനിടെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ട് വരണമെന്ന് വരെ പലരും ആവശ്യപ്പെടുന്ന ജ്യോതിരാദിത്യ സിന്ധ്യ ബിജെപി അനുകൂല നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.

Exit mobile version