ന്യൂഡല്‍ഹി: സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ഉന്നാവോ പെണ്‍കുട്ടിയെ ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് (എയിംസ്) മാറ്റി. വിദഗ്ധ ചികിത്സ നല്‍കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് എയിംസിലേക്ക് മാറ്റിയത്. രാത്രി ഒമ്പതുമണിയോടെയാണ് പെണ്‍കുട്ടിയെ എയര്‍ ആംബുലന്‍സ് മാര്‍ഗം എയിംസിലെത്തിച്ചത്.
പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ലഖ്‌നോ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. പെണ്‍കുട്ടിക്ക് ബോധം തിരിച്ചുകിട്ടിയതായും കണ്ണുകള്‍ തുറന്നതായും മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. ഗുരുതരമാണെങ്കിലും ആരോഗ്യനില കൂടുതല്‍ വഷളാകുന്നില്ലെന്ന് ഡോക്ടര്‍മാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ആശുപത്രി മാറ്റത്തിന് കോടതി നിര്‍ദേശിച്ചത്.
ജൂലൈ 30ന് റായ്ബറേലിയില്‍ പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ പെണ്‍കുട്ടിയെ കൂടാതെ അഭിഭാഷകനും ഗുരുതര പരിക്കേറ്റിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് ബന്ധുക്കള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഇതിനിടെ, ഉന്നാവ് പീഡനക്കേസ് പ്രതി എംഎല്‍എ കുല്‍ദീപ് സെംഗറിനെ തീഹാര്‍ ജയിലിലേക്ക് മാറ്റുവാന്‍ ഡല്‍ഹി തിസ് ഹസാരി കോടതി ഉത്തരവിട്ടു. ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജയിലിലാണ് നിലവില്‍ കുല്‍ദീപ് സെംഗാറിനെ പാര്‍പ്പിച്ചിട്ടുള്ളത്.
Discussion about this post