ജമ്മു കശ്മീര്‍: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ വീട്ടുതടങ്കലിലായിരുന്ന മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്ത്തിയെയും ഒമര്‍ അബ്ദുല്ലയെയും അറസ്റ്റ് ചെയ്തു. ഇരുവരെയും ശ്രീനഗറിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. ജമ്മു കശ്മീര്‍ വിഭജന ബില്‍ പാസാക്കിയതിന് പിന്നാലെയാണ് ഇരുവരുടേയും അറസ്റ്റ്.
കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചുകൊണ്ടുള്ള തീരുമാനം ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്ന് മെഹബൂബ മുഫ്തി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. തങ്ങളുടെ പ്രത്യേക പദവി ആരും സമ്മാനിച്ചതല്ല. പാര്‍ലമെന്റ് ഉറപ്പ് നല്‍കുന്ന അവകാശമാണെന്നാണ് മെഹ്ബൂബ പ്രതികരിച്ചത്.
താനും മറ്റ് നേതാക്കളും വീട്ടുതടങ്കലിലാണെന്ന് കഴിഞ്ഞ ദിവസം ഒമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തിരുന്നു. എന്താണ് കശ്മീരില്‍ നടക്കുന്നതെന്ന് തനിക്ക് യാതൊരു ധാരണയുമില്ലെന്നും ഇതൊന്നും നല്ല ലക്ഷണമായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പിന്നാലെ ഇന്ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. പ്രത്യേക പദവി അനുവദിച്ച ഭരണഘടനയുടെ 370 അനുച്ഛേദം റദ്ദാക്കാനുള്ള പ്രമേയം രാജ്യസഭ പാസാക്കി. തീരുമാനം നേരത്തെ രാഷ്ട്രപതി അംഗീകരിച്ചിരുന്നു. സംസ്ഥാനത്തെ രണ്ടായി വിഭജിച്ചു കൊണ്ടുള്ള പുനസംഘടനാ ബില്ലും രാജ്യസഭയില്‍ പാസായി. 61നെതിരെ 125 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. സംസ്ഥാനത്തെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായാണ് വിഭജിച്ചത്.