ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കുന്ന കാശ്മീര്‍ ബില്ല് രാജ്യസഭ പാസ്സാക്കി. ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിച്ച ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവയ്ക്കുകയും ചെയ്തു. രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു ബില്ലില്‍ ഒപ്പുവച്ചത്.
ബില്ലിനെ അനുകൂലിച്ച് 125 പേര്‍ വോട്ട് ചെയ്തപ്പോള്‍ 61 പേര്‍ എതിര്‍ത്തു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന പ്രമേയം രാജ്യസഭ നേരത്തെ പാസാക്കിയിരുന്നു. അമിത്ഷായുടെ പ്രഖ്യാപനം വന്ന് നിമിഷങ്ങള്‍ക്കുള്ളിലാണ് ആര്‍ട്ടിക്കിള്‍ 370 സംബന്ധിച്ച് രാഷ്ട്രപതിയുടെ ഉത്തരവും പുറത്തിറങ്ങിയത്.
1950ല്‍ ഭരണഘടന നിലവില്‍ വന്നതു മുതലുള്ള ചരിത്ര ബില്‍ തിരുത്തിയെഴുതുകയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. 370-ാം വകുപ്പിനെ എതിര്‍ത്തുപോന്ന നയമാണു ബിജെപി നിലനിര്‍ത്തിയിരുന്നത്. പ്രകടന പത്രികയിലും അവര്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
മണിക്കൂറുകള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കും ചര്‍ച്ചയ്ക്കും ശേഷമാണ് ബില്‍ പാസ്സാക്കിയത്. ഇലക്ട്രോണിക് വോട്ടിങ്ങിന് ശ്രമിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടര്‍ന്ന് അംഗങ്ങള്‍ക്ക് സ്ലീപ്പ് നല്‍കിയാണ് വോട്ടെടുപ്പ് നടന്നത്. തുടര്‍ന്ന് വോട്ടെണ്ണല്‍ നടന്നു.
ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞത് താത്കാലികമാണെന്നും പൂര്‍ണമായി സമാധാനം പുനഃസ്ഥാപിച്ചശേഷം പദവി തിരിച്ചുനല്‍കുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ വ്യക്തമാക്കി. കശ്മീരിലെ രക്തചൊരിച്ചില്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് 370ാം വകുപ്പ് എടുത്തു കളയുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
ജമ്മു കാശ്മീരിന്റെ വളര്‍ച്ചയ്ക്കല്ല ഭീകരതയുടെ വളര്‍ച്ചയ്ക്കായാണ് 370ാം വകുപ്പ് ഉപയോഗപ്പെടുത്തിയത്. മേഖലയിലെ അഴിമതിയും ദാരിദ്ര്യവും ഇതിലൂടെ വര്‍ധിക്കുകയാണ് ചെയ്തതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
ജമ്മുകാശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കാനാണ് ബില്ലില്‍ പറയുന്നത്. ജമ്മുകാശ്മീരിനെ ഡല്‍ഹി മാതൃകയില്‍ കേന്ദ്ര ഭരണപ്രദേശമാക്കും. നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശമായിട്ടാകും ജമ്മുകാശ്മീരിനെ മാറ്റുക. ലഡാക്കിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുത്താണ് കേന്ദ്ര ഭരണപ്രദേശമാക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു.