ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എ റദ്ദാക്കിയ നടപടിയില്‍ രാജ്യത്തെ പ്രധാന രാഷ്ട്രീയ കുടുംബങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. ആര്‍ട്ടിക്കിള്‍ 370 ന്റെ മറവില്‍ മൂന്നുകുടുംബങ്ങളും കശ്മീരിനെ കൊള്ളയടിച്ച് കൊണ്ടിരിക്കുകയായിരുന്നുവെന്ന് അമിത് ഷാ ആരോപിച്ചു. നെഹ്റു, മുഫ്തി, അബ്ദുള്ള രാഷ്ട്രീയ കുടുംബങ്ങളെ പരോക്ഷമായി വിമര്‍ശിച്ചാണ് അമിത് ഷായുടെ പരാമര്‍ശം.
വിഷയത്തില്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചക്കിടെയാണ് അമിത് ഷായുടെ പരാമര്‍ശം ആര്‍ട്ടിക്കിള്‍ 370 കൊണ്ട് കശ്മീരിന് പ്രത്യേകിച്ച് പ്രയോജനമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 മൂലം ജമ്മുകശ്മീരിലെ ജനങ്ങള്‍ ദാരിദ്ര്യത്തിലാണ് കഴിയേണ്ടി വന്നത്. അവര്‍ക്ക് സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഇത് തടസ്സമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കശ്മീരിലെ രക്തചൊരിച്ചില്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് 370-ാം വകുപ്പ് എടുത്തു കളയുന്നത് അഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീരിന്റെ വളര്‍ച്ചയ്ക്കല്ല ഭീകരതയുടെ വളര്‍ച്ചയ്ക്കായാണ് 370-ാം വകുപ്പ് ഉപയോഗപ്പെടുത്തിയത്. 370ന്റെ കാര്യത്തില്‍ സഭയിലെ എല്ലാ അംഗങ്ങളെയും കേള്‍ക്കാന്‍ താന്‍ തയ്യാറാണെന്നും എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുമെന്നും അമിത് ഷാ പറഞ്ഞു.
1952 ലും 1962ലും സമാനമായ നടപടിയിലൂടെ ആര്‍ട്ടിക്കിള്‍ 370 കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഭേദഗതി വരുത്തിയിട്ടുണ്ടെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ആര്‍ട്ടിക്കിള്‍ 370 ആണ് ജമ്മു കശ്മീരിനെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്നതെന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ വാദം ശരിയല്ലെന്നും അമിത് ഷാ പറഞ്ഞു.
ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമായത് 1947 ഒക്ടോബര്‍ 27 ന് അന്നത്തെ രാജാവ് മഹാരാജാ ഹരിസിങ് ഒപ്പുവെച്ച ലയന കരാറിന്റെ ഭാഗമായാണ്. ആര്‍ട്ടിക്കിള്‍ 370 നിലവില്‍ വന്നത് 1954ല്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ എടുത്ത് കളയുന്നതിനായി ഒരുനിമിഷം പോലും ആശങ്കപ്പെടേണ്ട ആവശ്യം തങ്ങള്‍ക്കുണ്ടായിട്ടില്ല. വിഷയത്തില്‍ ചര്‍ച്ച നടക്കണമെന്നതാണ് പ്രതിപക്ഷത്തോട് അഭ്യര്‍ഥിക്കാനുള്ളത്. എന്തിനാണ് ഇത്രയും കാലം ആര്‍ട്ടിക്കിള്‍ 370 നിലനിന്നതെന്ന് ഇന്ത്യയിലെ ജനങ്ങള്‍ അറിയണമെന്നും അദ്ദേഹം പറഞ്ഞു.
താല്‍കാലികമായി മാത്രമാണ് ജമ്മു കാശ്മീരിനെ കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കുന്നതെന്നും അവിടുത്തെ ക്രമസമാധാനനില സാധാരണഗതിയിലായ ശേഷം ജമ്മു കശ്മീരിന് പൂര്‍ണ സംസ്ഥാന പദവി തിരികെ നല്‍കുമെന്നും അമിത് ഷാ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ നീക്കം രാജ്യസഭയെ ഇന്ന് പ്രക്ഷുബ്ധമാക്കിയിരുന്നു. അമിത് ഷാ അവതരിപ്പിച്ച ബില്ലിനെതിരെ സമ്മിശ്രപ്രതികരണമാണ് സഭയില്‍ നിന്നുണ്ടായത്.
Discussion about this post