ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ അകാരണമായി വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ശശി തരൂര്‍ എംപി. ഒമര്‍ അബ്ദുള്ള നിങ്ങള്‍ ഒറ്റയ്ക്കല്ല. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരോരുത്തരും കാശ്മീരിലെ മുഖ്യധാര നേതാക്കള്‍ക്കൊപ്പം നില്‍ക്കുമെന്ന് ശശി തരൂര്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ശശി തരൂരിന്റെ ഐക്യദാര്‍ഢ്യം.
പാര്‍ലമെന്റ് സമ്മേളനം നടക്കുകയാണ്. തങ്ങളുടെ ശബ്ദത്തെ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമ്മു കാശ്മീരില്‍ എന്താണ് നടക്കുന്നതെന്നും ശശി തരൂര്‍ മറ്റൊരു ട്വീറ്റിലൂടെ ചോദിച്ചു.
‘അവരെ നമ്മള്‍ ഒഴിവാക്കിയാല്‍ പിന്നെയാരാണു ബാക്കികാണുക? ജമ്മു കാശ്മീരില്‍ എന്താണു നടക്കുന്നത്? തെറ്റൊന്നും ചെയ്യാത്ത നേതാക്കളെ എന്തിനാണ് അര്‍ധരാത്രി അറസ്റ്റ് ചെയ്യുന്നത്? കാശ്മീരികള്‍ നമ്മളുടെ പൗരന്മാരാണ്. അവരുടെ നേതാക്കള്‍ നമ്മുടെ പങ്കാളികളാണ്. ഭീകരര്‍ക്കും വിഘടനവാദികള്‍ക്കുമെതിരെ നീങ്ങുമ്പോള്‍ മുഖ്യധാരയിലുള്ളവരെ നമ്മള്‍ കൂടെനിര്‍ത്തണ്ടേ?’- അദ്ദേഹം ചോദിച്ചു.
കാശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രമുഖ നേതാക്കളെ വീട്ടുതടങ്കലില്‍ ആക്കിയിരുന്നു.
മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള, സിപിഐഎം ജമ്മുകാശ്മീര്‍ സംസ്ഥാന സെക്രട്ടറിയും എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമി, കോണ്‍ഗ്രസ് നേതാവും ബന്ദിപ്പോര എംഎല്‍എയുമായ ഉസ്മാന്‍ മജീദ്, ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജാദ് ലോണ്‍ എന്നിവരാണ് വീട്ടുതടങ്കലിലായത്.അതെസമയം കാരണം വ്യക്തമാക്കാതെയാണ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്.
Discussion about this post