മുംബൈ: സുഷാന്ത് സിങ് രജ്പുത് നായകനായി എത്തുന്ന പുതിയ ചിത്രം ‘കേദാര്‍നാഥ്’നെതിരെ ബിജെപി രംഗത്ത്. ചിത്രം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും, ലൗവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അതുകൊണ്ട് ചിത്രം നിരോധിക്കണമെന്നുമാണ് ബിജെപിയുടെ ആവശ്യം. ബിജെപിയുടെ മീഡിയ റിലേഷന്‍സ് വിഭാഗത്തിലെ മുതിര്‍ന്ന അംഗമായ അജേന്ദ്ര ജയ് ആണ് ചിത്രം നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
കേദാര്‍നാഥ് സിനിമയുടെ പോസ്റ്ററിലെ ലൗ ഈസ് എ പില്‍ഗ്രിമേജ് എന്ന ടാഗ് ലൈന്‍ ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുന്നതും കളിയാക്കുന്നതുമാണെന്നും അതിനാല്‍ ചിത്രം നിര്‍ബന്ധമായും നിരോധിക്കണമെന്നും അജേന്ദ്ര ആവശ്യപ്പട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി അജേന്ദ്ര സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് ചെയര്മാന് പ്രസൂണ്‍ ജോഷിക്ക് കത്തെഴുതിയിട്ടുണ്ട്.
അഭിഷേക് കപൂര്‍ 2013ല്‍ ഉത്തരാഖണ്ഡിലുണ്ടായ പ്രളയം പശ്ചാത്തലമാക്കിയാണ് കേദാര്‍നാഥ് ഒരുക്കിയിരിക്കുന്നത്. ഉത്തരാഖണ്ഡില്‍ തീര്‍ഥാടനത്തിന് വന്ന ഉയര്‍ന്ന ജാതിയിലുള്ള ഹിന്ദുമത വിശ്വാസിയായി സാറാ അലി ഖാനും മുസ്ലിം ചുമട്ടുതൊഴിലാളിയായി സുഷാന്തും ചിത്രത്തില്‍ വേഷമിടുന്നു. ഇവര്‍ തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഉത്തരാഖണ്ഡിലെ സന്യാസിമാര്‍ ചിത്രം ലൗവ് ജിഹാദാണെന്ന് ആരോപിച്ച് നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയും വിവാദ പരാമര്‍ശവുമായി എത്തിരിക്കുന്നത്. ആയിരങ്ങള്‍ മരണപ്പെട്ട പ്രളയം പശ്ചാത്തലമാക്കിയ കേദാര്‍നാഥിന്റെ ട്രെയിലറില്‍ പ്രണയരംഗങ്ങള്‍ ഉള്‍പെടുത്തിയതിനെതിരെ അജേന്ദ്ര നേരത്തെ തന്നെ വിമര്‍ശനമുന്നയിച്ചിരുന്നു.
Discussion about this post