ലഖ്നൗ: പ്രിയതമയുടെ ഓര്‍മ്മയ്ക്കായി ചെറുതാജ്മഹല്‍ പണിത ഫൈസല്‍ ഹസന് ഖദ്രി(83)യ്ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. റിട്ട. പോസ്റ്റ് മാസ്റ്ററായിരുന്നഖദ്രിയെ വ്യാഴാഴ്ച രാത്രിയാണ് വാഹനം ഇടിച്ചത്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വെള്ളിയാഴ്ച മരണം സംഭവിച്ചുവെന്ന് പോലീസ് പറഞ്ഞു. സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ പിറകേ വന്ന വാഹനം ഇടിക്കുകയായിരുന്നു.
ഷാജഹാന് പ്രിയപ്പെട്ടവള്‍ക്കായി നിര്‍മിച്ച പ്രണയ സ്മാരകത്തോടൊപ്പം എത്തില്ലെങ്കിലും ജീവനില്‍ പാതിയായവള്‍ക്ക് അത്തരത്തിലൊന്ന് സമ്മാനിക്കണമെന്ന് ഫൈസല്‍ ഹസന് ആഗ്രഹിച്ചിരുന്നു. അങ്ങനെ ഫൈസലും പണിതു മരിച്ചുപോയ പ്രിയപത്നിക്കായി ഒരു ചെറുതാജ്മഹല്‍. ആ സ്നേഹകുടീരത്തിന് പ്രണയിക്കുന്നവരുടെ മനസില്‍ യഥാര്‍ത്ഥ താജ്മഹലിനെക്കാള് വലുപ്പമുണ്ടായിരുന്നു. ആ പ്രണയം ഫൈസല്‍ ഹസന് ഖാദ്രി എന്ന ഉത്തര്‍പ്രദേശുകാരനെ വാര്‍ത്തകളിലെ താരമാക്കിയത്.
ഗ്രാമത്തില്‍ വീടിനോടു ചേര്‍ന്ന സ്ഥലത്താണ് ഫൈസല്‍ ഭാര്യക്കായുള്ള ചെറുതാജ്മഹല്‍ നിര്‍മിച്ചത്. ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ക്കായി സ്കൂള്‍ നിര്‍മിച്ചു നല്കാന് സ്വന്തം സ്ഥലം വിട്ടുനല്‍കിയും അദ്ദേഹം വാര്‍ത്തകളിലിടം നേടിയിരുന്നു. 2011 ഡിസംബറിലാണ് തൊണ്ടയിലുണ്ടായ ക്യാന്‍സര്‍ മൂലം ഫൈസലിന്റെ ഭാര്യ താജാമുല്ലി ബീഗം മരിച്ചത്.
1953 ലാണ് ഇവര്‍ വിവാഹിതരായത്. ഇരുവര്‍ക്കും മക്കളുണ്ടായിരുന്നില്ല. ഭാര്യയുടെ മരണശേഷമാണ് ഫൈസല്‍ ചെറുതാജ്മഹല്‍ നിര്‍മിക്കാനാരംഭിച്ചത്. ഭാര്യയെ അടക്കം ചെയ്ത സ്ഥലം ഈ സ്നേഹകുടീരത്തിനുള്ളിലാണ്. മരണശേഷം അതിനടുത്ത് തന്നെയും അടക്കാനുള്ള സ്ഥലവും ഫൈസല്‍ മാറ്റിവെച്ചിരുന്നു. പെന്ഷന് തുകയുപയോഗിച്ചാണ് അദ്ദേഹം ചെറുതാജ്മഹലിന്റെ പണി പൂര്‍ത്തിയാക്കിയത്.
സ്മാരകത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് മാര്‍ബിള്‍ വാങ്ങാന്‍ ഖദ്രി രണ്ടുലക്ഷം രൂപ സമാഹരിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ വിധി അനുവദിച്ചില്ല. ഭാര്യയുടെ മൃതദേഹം സംസ്കരിച്ചതിന് തൊട്ടടുത്തുതന്നെ ഖദ്രിയെയും സംസ്കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം. സ്മാരകത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും ബന്ധുക്കള്‍ പറയുന്നു.
Discussion about this post