തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം എത്തിയിട്ടും മത്തി കിട്ടാക്കനിയാണ്. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ മത്സ്യ ഗവേഷണ സ്ഥാപനങ്ങളാണ് മത്തിയുടെ ഉത്പ്പാദനം കുറയുമെന്ന് നിരീക്ഷിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് മത്തി ലഭ്യത കുറഞ്ഞതോടെ അയല്‍ സംസ്ഥാനത്ത് നിന്നും ഇറക്കുമതി ചെയുന്ന മത്തിയും ഒമാന്‍ മത്തിലേയും ആശ്രയിക്കേണ്ടി വരുന്നു. അതേസമയം 250 മുതല്‍ 350 രൂപ വരെയാണ് വിപണിയില്‍ മത്തിയുടെ വില. എല്‍നിനോ പ്രതിഭാസമാണ് മത്തിയുടെ ഉത്പ്പാദന തകര്‍ച്ചയ്ക്ക് കാരണമെന്ന് ഗവേഷകര്‍ പറയുന്നു.
കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് സമുദ്രജലത്തിന്റെ താപനില വര്‍ധിപ്പിക്കുന്ന പ്രതിഭാസമാണ് എല്‍നിനോ. എല്‍നിനോയുടെ തീവ്രത മത്തിയുടെ പ്രജനനം കുറയുന്നതിനും കാരണമായി. എല്‍നിനോ പ്രതിഭാസമാണ് കേരള തീരത്തെ മത്തി ലഭ്യത കുറച്ചതെന്ന് സിഎംഎഫ്ആര്‍ഐയിലെ ശാസ്ത്രജ്ഞനായ ഡോ സുനില്‍ മുഹമ്മദ് വ്യക്തമാക്കി.
2013-ലാണ് സംസ്ഥാനത്ത് മത്തിയുടെ ഉത്പ്പാദനം കുറഞ്ഞത്. 2012-ല്‍ 8.39 ലക്ഷം ടണ്‍ മത്സ്യം ലഭിച്ചിരുന്നു. അതില്‍ പകുതിയും മത്തിയായിരുന്നു. മത്തി ലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്തെ 1.25 ലക്ഷത്തിലേറെ പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ ജീവിത മാര്‍ഗമാണ് പ്രതിസന്ധിയിലാണ്.
Discussion about this post