ബംഗളൂരു: യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ച് വിവാദത്തിലായ കല്ലട ട്രാവല്‍സിന്റെ ക്രൂരത വീണ്ടും. തിരുവനന്തപുരത്ത് നിന്നും ബംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് കല്ലടയുടെ ക്രൂരത തുറന്നുപറഞ്ഞത്. രാത്രിയില്‍ ഭക്ഷണത്തിനായി നിര്‍ത്തിയ ബസ്, ശേഷം 23 കാരിയായ യുവതിയെ കയറ്റാതെ പോവുകയായിരുന്നു.
രാത്രിയില്‍ നടുറോഡിലൂടെ ബസിന് പിന്നാലെ ഓടിയിട്ടും ജീവനക്കാര്‍ കണ്ടതായി ഭാവിച്ചില്ലെന്നും വാഹനങ്ങള്‍ ഹോണ്‍ മുഴക്കിയിട്ടും ഡ്രൈവര്‍ നിര്‍ത്തിയില്ലെന്നുമാണ് ആരോപണം.
ഞായറാഴ്ചയാണ് സംഭവം. ബംഗളൂരൂവില്‍ താമസമാക്കിയ എച്ച്ആര്‍ പ്രൊഫഷണലായ യുവതി തിരുവനന്തപുരത്ത് നിന്നും ബംഗളൂരുവിലേക്ക് യാത്ര ചെയ്യുമ്പോഴാണ് ദുരനുഭവമുണ്ടായത്.
കഴക്കൂട്ടത്ത് നിന്നും വൈകിട്ട് 6.45ന് കയറി. രാത്രി ഭക്ഷണത്തിന് തിരുനെല്‍വേലിയില്‍ 10.30 ബസ് നിര്‍ത്തി. പെണ്‍കുട്ടി ഭക്ഷണം കഴിയ്ക്കുന്നത് അവസാനിക്കും മുമ്പ് മുന്നറിയിപ്പ് നല്‍കാതെ ബസ് എടുക്കുകയായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി. ഏകദേശം അഞ്ച് മിനിറ്റോളം ബസിന് പിറകെ ഓടിയെങ്കിലും നിര്‍ത്തിയില്ല. പിന്നോട്ടെടുത്ത് യുവതിയെ കയറ്റാന്‍ ജീവനക്കാര്‍ തയ്യാറായില്ല.
ഒടുവില്‍ യുവതിയെ സഹായിക്കാനെത്തിയ കാര്‍ ബസിന് കുറുകെ നിര്‍ത്തിയാണ് യുവതിക്ക് തുടര്‍ യാത്രക്കുള്ള സൗകര്യം ഒരുക്കിയത്. ചോദ്യം ചെയ്തതിന് യുവതിയെ ഇത് കല്ലട ബസ്സാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.
ഓണ്‍ലൈന്‍ വാര്‍ത്ത വെബ്‌സൈറ്റായ ന്യൂസ് മിനിട്ടാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ മാസമാണ് യാത്രക്കാരായ യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് കല്ലട വിവാദത്തിലാകുന്നത്. തുടര്‍ന്ന് ജീവനക്കാര്‍ക്കെതിരെയും സുരേഷ് കല്ലടയ്‌ക്കെതിരെയും നടപടിയെടുത്തിരുന്നു