ദുബായ്: രോഗത്തില്‍ നിന്ന് അതിജീവിച്ച മഹിന ഘനീവ ദുബായ് ഭരണാധാകാരിയായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ കാണാന്‍ എത്തി. തന്റെ പുതുജീവിനത്തിന് കാരണമായവര്‍ക്ക് ആ 9 വയസുകാരി നന്ദിയും അറിയിച്ചു.
ഹൃദയത്തില്‍ നാല് ദ്വാരങ്ങളുമായി ജനിച്ച ആ പിഞ്ചു കുഞ്ഞിനെ സഹായിക്കാന്‍ അന്ന് ആര്‍ക്കും കഴിഞ്ഞിരുന്നില്ല. ഒടുവില്‍ ദുബായ് ഭരണാധികാരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സ് (എംബിആര്‍ജിഐ) ആണ് അവള്‍ക്ക് കാരുണ്യ ഹസ്തവുമായെത്തിയത് .
നീണ്ടുനിന്ന ശസ്ത്രക്രിയക്ക് ശേഷമാണ് മഹിന ജീവിതത്തിലേക്ക് തിരിച്ച് വന്നത്. ഇപ്പോള്‍ ഏറെ സന്തോഷവതിയാണ് ഈ ഒന്‍പത് വയസുകാരി. പൂര്‍ണ ആരോഗ്യവതിയാണവള്‍. കഴിഞ്ഞ ദിവസം ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സ് ദുബായില്‍ സംഘടിപ്പിച്ച ഇഫ്താറിലേക്കാണ് അധികൃതര്‍ അവളെ ക്ഷണിച്ചത്.
ഇഫ്താര്‍ വേദിയില്‍ സ്റ്റേജില്‍ കയറി മഹിന തന്റെ ജീവിതകഥ പറയാനും മടിച്ചില്ല. ഒപ്പം തന്നെ സഹായിച്ച എല്ലാവര്ക്കും നന്ദിയും അറിയിച്ചു. സ്റ്റേജില്‍ വെച്ച് ശൈഖ് മുഹമ്മദ് വാല്‍സല്യപൂര്‍വം അവളെ ചേര്‍ത്തുപിടിച്ചു. സ്റ്റേജില്‍ നിന്ന് ഇറങ്ങിയ ശേഷവും അദ്ദേഹം അവളുടെ അടുത്തെത്തി. കുഞ്ഞിനോളം കുനിഞ്ഞ് നിന്ന ശൈഖ് മുഹമ്മദിന് സന്തോഷത്തോടെ മഹിന സ്നേഹ ചുംബനങ്ങള്‍ നല്കി. വസ്ത്രത്തില്‍ ധരിച്ചിരുന്ന ബാഡ്ജ് ശൈഖ് മുഹമ്മദ് അവള്‍ക്ക് സമ്മാനിച്ചു. താജികിസ്ഥാനില്‍ മാത്രം ഇരുനൂറോളം കുട്ടികള്‍ക്കാണ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സ് സഹായങ്ങളെത്തിച്ചത്.
Discussion about this post