ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ രാജിവാഗ്ദാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പിന്‍വലിച്ചതായി റിപ്പോര്‍ട്ട്.
ഞായറാഴ്ച രാഹുല്‍ ഇത് സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടതായാണു പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരാജയത്തിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്കു കൂട്ടായാണെന്നും പത്തു ദിവസത്തിനുള്ളില്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
ശനിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിലാണ് രാഹുല്‍ രാജിസന്നദ്ധത പ്രകടിപ്പിച്ചത്. എന്നാല്‍, പ്രവര്‍ത്തകസമിതി അംഗങ്ങള്‍ ഒന്നടങ്കം രാജി തീരുമാനത്തെ എതിര്‍ത്തു. പരാജയത്തിന്റെ പരിഹാര നടപടികളും തിരുത്തലുകളും രാഹുലിന്റെ നേതൃത്വത്തില്‍ തന്നെ മതിയെന്നാണു പ്രവര്‍ത്തകസമിതിയുടെ തീരുമാനം.
അധ്യക്ഷ പദവി ഒഴിയാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ സഹോദരി പ്രിയങ്ക ഗാന്ധി പിന്തുണച്ചതായാണു റിപ്പോര്‍ട്ട്. എന്നാല്‍ നേതൃത്വത്തിലേക്ക് മറ്റൊരാളെ തെരഞ്ഞെടുക്കാന്‍ പാര്‍ട്ടിക്കു സമയം നല്‍കണമെന്ന് പ്രിയങ്ക രാഹുലിനോട് ആവശ്യപ്പെട്ടു.
രാജി തീരുമാനത്തില്‍നിന്നു പിന്നോട്ടില്ലെന്നും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരാന്‍ തയാറാണെന്നുമാണ് പ്രവര്‍ത്തക സമിതിയില്‍ രാഹുല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പ്രിയങ്ക ഗാന്ധിയെ അധ്യക്ഷയാക്കാമെന്നായി നേതാക്കള്‍. ഇതിനെ എതിര്‍ത്ത രാഹുല്‍, തന്റെ സഹോദരിയെ ഇതിലേക്കു വലിച്ചിഴയ്ക്കരുതെന്ന് ആവശ്യപ്പെട്ടു. നെഹ്‌റു കുടുംബത്തില്‍നിന്നു തന്നെ കോണ്‍ഗ്രസ് അധ്യക്ഷന്‍ വേണമെന്നില്ലെന്നും രാഹുല്‍ പറഞ്ഞു.
Discussion about this post