സിസ്റ്റര്‍ ലിനി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സിച്ച നഴ്സായിരുന്നു പെരുനണ്ണാമൂഴി ചെമ്പനോട് സ്വദേശിയായ ലിനി പുതുശേരി(31). 2018 മെയ് 21നായിരുന്നു ലിനി നിപ്പ വൈറസ് ബാധ മൂലം മരണമടഞ്ഞത്.
പേരാമ്പ്ര സൂപ്പിക്കടയിലെ സാബിത്തിനെ പരിചരിക്കുന്നതിനിടയിലാണ് ലിനിക്ക് നിപ്പ ബാധിച്ചത്. രോഗം സ്ഥിരീകരിച്ച ലിനി മരിക്കുന്നത് കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്. വൈറസ് ബാധ പടരാതിരിക്കാന്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു. ചെമ്പനോട കുറത്തിപ്പാറയിലെ വീട്ടില്‍ ലിനിയുടെ ഓര്‍മ്മകളുമായി ഭര്‍ത്താവ് സജീഷും മക്കള്‍ റിഥുലും സിദ്ധുവുമുണ്ട്.
അമ്മയുടെ ആഗ്രഹം പോലെ തന്നെ മകന്‍ കുഞ്ചുവുമായി സജീഷ് ഗള്‍ഫ് സന്ദര്‍ശിച്ചിരുന്നു. മലയാളി നഴ്‌സസ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു അത്. പിന്നീട് നിപ്പ പ്രമേയമായി വരുന്ന വൈറസ് സിനിമയുടെ ലോഞ്ചിങ്ങിലും ഇരുവരും പങ്കെടുത്തു.
നിപ്പയെ തുടര്‍ന്ന് ലിനി മരിച്ചത് കേരളത്തെയൊന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. മാലാഖ എന്ന വാഴ്ത്തലുകള്‍ക്കുമപ്പുറം കര്‍മ മണ്ഡലത്തില്‍ തന്റെ ജീവന്‍ ത്യജിക്കേണ്ടി വന്ന ധീരയായ സ്ത്രീയായിരുന്നു ലിനി.
Discussion about this post