കോഴിക്കോട്; കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം ട്രാന്‍സ്ജെന്‍ഡര്‍ യുവതി ശാലു കൊല്ലപ്പെട്ടിട്ട് ഒന്നരമാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാവാതെ പോലീസ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം.
മാര്‍ച്ച് 30ന് രാത്രിയാണ് മാവൂര്‍റോഡ് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിനു സമീപത്തെ യുകെ ശങ്കുണ്ണി റോഡിനോടു ചേര്‍ന്ന ഇടവഴിയില്‍ മൃതദേഹം കണ്ടെത്തിയത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ സ്ഥിരമായി ഒത്തുചേരാറുള്ള സ്ഥലമാണിത്. തിങ്കളാഴ്ച രാവിലെ പ്രദേശവാസികളില്‍ ചിലരാണ് പോലീസില്‍ വിവരമറിയിച്ചത്. യുവതിയുടെ കഴുത്തില്‍ ആക്രമിക്കപ്പെട്ടതിന്റെ പാടുകളുണ്ട്. ചുവന്ന നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ പതിമൂന്ന് പേരെ ചോദ്യം ചെയ്തു. ഇതില്‍ ശാലു കൊല്ലപ്പെടുന്ന ദിവസം ശാലുവിന്റെ കൂടെയുണ്ടായിരുന്ന മൂന്നുപേരെ തിരിച്ചറിഞ്ഞു. എന്നാല്‍ ഇവര്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്ന് വ്യക്തമായി. ഇതിനിടെ നഗരത്തിലെ പ്രമുഖ ഹോട്ടലിന്റെ ബാറില്‍ ശാലുവും യുവാവും ഒന്നിച്ചുള്ള ദൃശ്യങ്ങള്‍ പുറത്തായത്. ദൃശ്യത്തിലെ യുവാവിനെ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. ഇതിനിടെ ശാലുവിന്റെ ദുരൂഹമരണത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മയും രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post