ശബരിമല അയ്യപ്പനാണോ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനാണോ തൂക്കക്കൂടുതലെന്ന് നോക്കുന്ന ബിജെപി

വിഷയം ബി ജെ പിയുടെ രാഷ്ട്രീയ നിലനില്‍പു മാത്രമാണ്. അതിന് തൃശൂര്‍ തെരഞ്ഞെടുക്കാന്‍ പ്രത്യേക കാരണവുമുണ്ട്.

ശബരിമല നമുക്ക് ഒരു ഗോള്‍ഡന്‍ ഓപ്പര്‍ച്യൂണിറ്റിയാണെന്ന ശ്രീധരന്‍ പിള്ളയുടെ പ്രസംഗം മലയാളി മറക്കാനുള്ള സമയമായിട്ടില്ല. തീര്‍ച്ചയായും അത് തെരഞ്ഞെടുപ്പ് സമയത്തെ ഒരു ഗോള്‍ഡന്‍ ഓപ്പര്‍ച്യൂണിറ്റിയായിരുന്നു ബി ജെ പിയ്ക്ക്. അല്ലെങ്കില്‍ അതുമാത്രമായിരുന്നു. അതിനപ്പുറം ഒന്നുമല്ലായിരുന്നു എന്ന് തെളിയിക്കുന്ന വാര്‍ത്തകളാണല്ലോ ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നതും. ആദ്യം ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ടിരുന്ന, അതിനായി സ്വന്തം പ്രവര്‍ത്തകരെക്കൊണ്ട് കേസ് കൊടുപ്പിച്ച ആര്‍ എസ് എസ് തെരഞ്ഞെടുപ്പു വന്നപ്പോള്‍ എത്ര പെട്ടെന്നാണ് ഓന്തിനെപ്പോലെ നിറം മാറിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെല്ലാം പെട്ടിയിലായി എന്നുറപ്പായപ്പോള്‍ അടുത്ത നിമിഷം തന്നെ അതിനുള്ളിലെ ഭിന്നത മറ നീക്കി പുറത്തുവന്നില്ലേ.

അങ്ങനെ അകത്തെ ഭിന്നത മറനീക്കി പുറത്തു വന്ന് പൊതു സമൂഹത്തിനു മുന്‍പില്‍ വിവസ്ത്രരായി നില്‍ക്കുന്ന ആര്‍ എസ് എസിനും ബി ജെ പിയ്ക്കും മലയാളിയുടെ മറവിയെ മുതലെടുത്ത് പുതിയ വിവാദമുണ്ടാക്കാനും അതിന്റെ പേരില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനും കാരറ്റ് കൂടിയ പുതിയ ഒരു ഗോള്‍ഡന്‍ ഓപ്പര്‍ച്ചുണിറ്റി വേണമല്ലോ. അങ്ങനെ നില്‍ക്കുമ്പോഴാണ് തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ട് കാവ് രാചന്ദ്രനെ എഴുന്നള്ളിക്കാനാവില്ലെന്ന തൃശൂര്‍ ജില്ലാ കലക്ടര്‍ ടി വി അനുപമയുടെ ഉത്തരവ് വന്നത്. പിന്നീട് അതിന്റെ പേരില്‍ തര്‍ക്കം. സ്വാഭാവികമായും ആനപ്രേമികളും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരാധകരും വികാര പ്രകടനം നടത്തി. പക്ഷേ അതിന്റെ അടിസ്ഥാനത്തില്‍ മാത്രം ജില്ലാ ഭരണകൂടത്തിനോ സര്‍ക്കാരിനോ തീരുമാനം മാറ്റാനോ പുതിയ തീരുമാനം എടുക്കാനോ ആവില്ലല്ലോ. നിരവധി തവണ പ്രശ്‌നങ്ങളുണ്ടാക്കിയ, ശബ്ദ ശല്യമുണ്ടായാല്‍ അസ്വസ്ഥനാവുമെന്ന് തെളിയിച്ചിട്ടുള്ള ആനയെ എഴുന്നള്ളിച്ച് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ അതിനുത്തരവും അവര്‍ തന്നെ പറയണമല്ലോ.

ഇതിനിടയില്‍ ആന ഉടമസ്ഥ സംഘവും സമ്മര്‍ദ്ദ തന്ത്രവുമായി വന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഇറക്കാനായില്ലെങ്കില്‍ ഒരു ആനകളെയും പൂരങ്ങള്‍ക്ക് വിട്ടു തരില്ലെന്നായിരുന്നു ഭീഷണി. ഈ ബഹളങ്ങള്‍ക്കിടയ്ക്ക് വിഷയം കോടതിയലെത്തി. എന്നാല്‍ ഹൈക്കോടതി വിഷയത്തില്‍ ഇടപെടാനാവില്ലെന്നും കലക്ടറുടെ അദ്ധ്യക്ഷതയിലുള്ള സമിതിയാണ് തീരുമാനമെടുക്കേണ്ടതെന്നുമാണ് ഉത്തരവിട്ടത്. പിന്നീട് തെക്കേ ഗോപുരവാതില്‍ തുറക്കാന്‍ മാത്രം കര്‍ശന നിബന്ധനകളോടെ രാമചന്ദ്രനെ ഇറക്കാമെന്ന് നിയമോദേശം കിട്ടിയതോടെയാണ് പ്രശ്‌നത്തിന് ഒരു അയവ് വന്നത്. അതോടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന ഒരു പ്രതീതി സംജാതമായി.

ഇതിനിടയിലെ രണ്ടു മൂന്നു ദിവസങ്ങളില്‍ ഉണ്ടായ സംഭവ വികാസങ്ങളാണ് കേരള സമൂഹം അതീവ ശ്രദ്ധയോടെ വിലയിരുത്തേണ്ടത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് കലക്ടര്‍ വിലക്കേര്‍പ്പെടുത്തിയതിന്റെ അടുത്ത ദിവസം തന്നെ ഒരു രാഷ്ട്രീയപ്പാര്‍്ട്ടി ഈ വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്തു വന്നു. മറ്റാരുമല്ല, ബി ജെ പി തന്നെ. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച പോസ്റ്ററുളിലെ മുദ്രാവാക്യമാമ് ശ്രദ്ധേയമായത്. പൂരാഘോഷങ്ങള്‍ തകര്‍ക്കുന്ന കേരള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധിക്കുക. അടുത്ത ദിവസം തന്നെ ശബരിമല വിഷയത്തിലെ ബി ജെ പിയുടെ നായകന്‍ കെ സുരേന്ദ്രനും പ്രസ്താവനയിറക്കി. കേരള സര്‍ക്കാര്‍ തൃശൂര്‍ പൂരം തകര്‍ക്കാന്‍ ശ്രമിക്കുന്നു.

ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി തെച്ചിക്കോട്ടകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിന് കലക്ടര്‍ വിലക്കേര്‍പ്പെടുത്തിയത് എങ്ങനെയാണ് പൂരാഘോഷങ്ങള്‍ തകര്‍ക്കാനുള്ള നീക്കമാവുന്നത്. മോട്ടിപ്രസാദ് എന്ന ബീഹാറി ആനയെ തൃശൂരിലെ വെങ്കിടാദ്രി സ്വാമി വാങ്ങിയപ്പോള്‍ പേരിട്ടത് ഗണേശനെന്നായിരുന്നു. 1984ല്‍ മാത്രമാണ് തെച്ചിക്കോട്ട്കാവ് ദേവസ്വം ഈ ആനയെ വാങ്ങി രാമചന്ദ്രന്‍ എന്നു പേരിട്ടത്. അതിനു മുമ്പെന്താ തൃശൂര്‍ പൂരമില്ലേ. ഭക്തിയില്‍ യുക്തിയ്ക്ക് സ്ഥാനമില്ല എന്ന സ്ഥിരം വാദം ഈ കാര്യത്തില്‍ ഫലിക്കുമെന്ന് തോന്നുന്നില്ല. യുക്തി വേണ്ടെങ്കിലും ഒരു നിലനില്‍പുമില്ലാത്ത വാദങ്ങള്‍ മാത്രം ഉന്നയിക്കുന്നതിലും കാര്യമില്ലല്ലോ.

അപ്പോള്‍ പ്രശ്‌നം അതൊന്നുമല്ല. വിഷയം ബി ജെ പിയുടെ രാഷ്ട്രീയ നിലനില്‍പു മാത്രമാണ്. അതിന് തൃശൂര്‍ തെരഞ്ഞെടുക്കാന്‍ പ്രത്യേക കാരണവുമുണ്ട്. ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി പത്തനംതിട്ടയില്‍ നേട്ടമുണ്ടാക്കാന്‍ ബി ജെ പി ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ച രീതിയില്‍ അതിന് കഴിഞ്ഞില്ലെന്നാണ് അവരുടെ തന്നെ പ്രാഥമിക വിലയിരുത്തല്‍. മാത്രമല്ല, ശബരിമല വിഷയത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മറനീക്കി പുറത്തു വന്നതിനാല്‍ അതില്‍ നിന്ന് ജനശ്രദ്ധ തിരിച്ചില്ലെങ്കില്‍ കേരളമായതു കൊണ്ടു തന്നെ കൃത്യമായ ഓഡിറ്റിങ്ങ് നേരിടേണ്ടി വരുമെന്ന് ബി ജെ പിയ്ക്കറിയാം. അതുകൊണ്ടാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇപ്പോള്‍ ബി ജെ പിയ്ക്ക് പൂരങ്ങളുടെ പര്യായമാവുന്നത്.

പിന്നെ എന്തുകൊണ്ട് തൃശൂര്‍ തെരഞ്ഞെടുക്കുന്നു എന്നതിനു പിന്നിലും കൃത്യമായ കാരണമുണ്ട്. ബി ജെ പി പ്രതീക്ഷിച്ചതിലും അപ്പുറത്തെ നേട്ടം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കുമെന്ന് കരുതുന്ന സ്ഥലമാണ് തൃശൂര്‍. ചില നിയമസഭാ മണ്ഡലങ്ങളില്‍ ബി ജെ പി ഒന്നാമതെത്തുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ വന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആ മണ്ഡലത്തില്‍ സുരേഷ് ഗോപിയെത്തന്നെ മത്സരിപ്പിച്ച് പിടിച്ചെടുക്കാനാണ് പദ്ധതി. സുരേഷ് ഗോപി തൃശൂരിലേക്ക് താമസം മാറ്റി മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞടുപ്പടുക്കുമ്പോള്‍ വര്‍ഗീയ സ്വഭാവുള്ള, ജനങ്ങളില്‍ ചേരിതിരിവുണ്ടാക്കുന്ന നിരവധി സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാവാറുണ്ട്. സംഘപരിവാറിന്റെ ആസൂത്രിത പദ്ധതിയാണത്. അതിന്റെ കേരള വെര്‍ഷനാണ് തൃശൂര്‍ പൂരം എപ്പിസോഡ് എന്നര്‍ത്ഥം.

എന്തായാലും ഈ വിഷയം കൃത്യമായി കൈകാര്യം ചെയ്ത സംസ്ഥാന സര്‍ക്കാര്‍ തല്‍ക്കാലത്തെ അപകടം ഒഴിവാക്കിയിട്ടുണ്ട്. ആനയുടമകള്‍ ആനകളെ തന്നില്ലെങ്കിലും ദേവസ്വം ബോര്‍ഡുകളുടെ ആനകളെ വെച്ച് പൂരം നടത്തുമെന്ന പ്രഖ്യാപനം അതിന്റെ ഭാഗമായിരുന്നു. പൂരം കലക്കി മീന്‍ പിടിക്കാന്‍ സംഘപരിവാര്‍ ശ്രമിച്ചാല്‍ പൂരം നടത്തി ആ നീക്കം പരാജയപ്പെടുത്തുമെന്ന രാഷ്ട്രീയ പ്രഖ്യാപനമായിരുന്നു അത്. പിന്നീട് പരമാവധി പ്രശ്‌നമുണ്ടാക്കാതെ തന്ത്രപരമായ സമീപനത്തിലൂടെ വിഷയം പരിഹരിക്കാനുള്ള ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായി. ആനയും ആനപ്രേമികളും പൂരങ്ങളുമൊക്കെ നമ്മുടെ നാട്ടില്‍ ഇനിയുമുണ്ടാവും. പക്ഷേ അതില്‍ വര്‍ഗീയതയുടെയും വിഭാഗീയതയുടെയും വിഷം കലര്‍ത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തിയേ മതിയാവൂ.

Exit mobile version