കൊല്‍ക്കത്ത: നാല്പത് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉടന്‍ ബിജെപിയില്‍ എത്തുമെന്ന് വിവാദ പ്രസ്താവന നടത്തിയ നരേന്ദ്ര മോഡിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്കി. മോഡിയുടെ നാമനിര്‍ദേശ പത്രിക റദ്ദാക്കണമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപനം നടത്തി മോഡി കുതിരക്കച്ചവടത്തിന് പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം നുണകള്‍ പറഞ്ഞ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ് അദ്ദേഹം. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും എന്തടിസ്ഥാനത്തിലാണ് മോഡി ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയതെന്ന് കമ്മീഷന് ആരായണമെന്നും തൃണമൂല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരടിസ്ഥാനവുമില്ലെന്ന് കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മോഡിയുടെ നാമനിര്‍ദേശ പത്രിക റദ്ദാക്കണമെന്നും തൃണംമൂല്‍ കോണ്‍ഗ്രസ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ കൊല്‍ക്കത്തയിലേ സേരാംപൂരില്‍ ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് നാല്പത് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉടന്‍ ബിജെപിയില്‍ എത്തുമെന്ന് മോഡി പ്രസ്താവിച്ചത്. ‘ദീദീ, മെയ് 23 ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ബംഗാളില്‍ എല്ലായിടത്തും താമരവിരിയും, നിങ്ങളുടെ എംഎല്‍എമാര്‍ നിങ്ങളെ വിട്ട് ഓടും, ഇന്ന് 40 എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധപ്പെട്ടു’- എന്നായിരുന്നു മോഡി പ്രസംഗത്തില്‍ പറഞ്ഞത്.
Discussion about this post