ഫാനി രൂപപ്പെട്ടു; കേരളത്തില്‍ കനത്തമഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തമിഴ്‌നാട് - ആന്ധ്ര തീരത്ത് നാശം വിതയ്ക്കാന്‍ ശേഷിയുള്ള ചുഴലിക്കാറ്റാണെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

തിരുവന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ‘ഫാനി’ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തമിഴ്‌നാട് – ആന്ധ്ര തീരത്ത് നാശം വിതയ്ക്കാന്‍ ശേഷിയുള്ള ചുഴലിക്കാറ്റാണെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

24 മണിക്കൂറില്‍ തീവ്ര ചുഴലിക്കാറ്റായി മാറി ഏപ്രില്‍ 30നോട് കൂടി അതിതീവ്ര ചുഴലിക്കാറ്റായി തമിഴ്‌നാട്-ആന്ധ്ര തീരത്ത് എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍ക്കുന്നത്. ഇതിന്റെ ഫലമായി ഏപ്രില്‍ 29, 30 ദിവസങ്ങളില്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഞായറാഴ്ച രാവിലെ മുതല്‍ മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യ തൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഏപ്രില്‍ 29 ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും ഏപ്രില്‍ 30 ന് കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും ‘മഞ്ഞ’ (yellow) അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തില്‍ ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയില്‍ കൂടെയുള്ള രാത്രിയാത്രകള്‍ ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്.

Exit mobile version