ഗാലറിക്കു വേണ്ടി ഒരിക്കലും കളിക്കാത്ത പിണറായി വിജയന്‍ തെറ്റിദ്ധാരണയ്ക്ക് ഇരയാണ്; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

ഇത്രയേറെ വേട്ടയാടപ്പെട്ട ഒരു നേതാവ് അഗ്‌നി പരീക്ഷണങ്ങളെ അതിജീവിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആയെങ്കില്‍, അത് മഹാ ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ അദ്ദേഹത്തെ യഥാര്‍ത്ഥമായി തിരിച്ചറിഞ്ഞതുകൊണ്ടു തന്നെയാണ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് രംഗത്ത്. കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാള്‍ ആയി പിണറായി വിജയനെ അടയാളപ്പെടുത്തുമെന്ന് പറഞ്ഞാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് രംഗത്ത് എത്തിയിരിക്കുന്നത്. ഗീവര്‍ഗീസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യങ്ങള്‍ വ്യക്കമാക്കിയത്.

ഗാലറിക്കു വേണ്ടി ഒരിക്കലും കളിക്കാത്ത പിണറായി വിജയന്‍ എന്ന നേതാവിനെ താന്‍ ഇഷ്ടപ്പെടുന്നു എന്നും തന്റെ പേജില്‍ കുറിക്കുന്നുണ്ട്. ഇത്രയേറെ തെറ്റിദ്ധരിക്കപ്പെടുകയും അതിലേറെ വേട്ടയാടപ്പെടുകയും ചെയ്യപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവ് പിണറായി വിജയനെപ്പോലെ മറ്റൊരാള്‍ ഉണ്ടാവില്ലെന്നും ഒരുകാലത്ത് താനും ഈ തെറ്റിദ്ധാരണയുടെ ഇരയായിരുന്നുവെന്നും ഗീവര്‍ഗീസ് വെളിപ്പെടുത്തി.

ഡോ ഡി ബാബുപോളും കവിയുമായ ശ്രീ പ്രഭാവര്‍മ്മയുമാണ് പിണറായി വിജയന്‍ എന്നെ നേതാവിനെ ശരിയായി മനസിലാക്കാന്‍ സഹായിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടു കിട്ടിയാലും പോയാലും നിലപാടുകളില്‍ ഉറച്ചു നില്ക്കുവാന്‍ രാഷ്ടീയ ഇച്ഛാശക്തിയുള്ള വ്യക്തിയാണെന്നും വര്‍ഗ്ഗീയതയ്ക്ക് എതിരെയുള്ള പിണറായി വിജയന്റെ വാക്കുകള്‍ക്ക് ഒത്തിരി ആര്‍ജവമുണ്ടെന്നും ഗീവര്‍ഗീസ് പറഞ്ഞു. മുഖ്യമന്ത്രി ആയാല്‍ സാധാരണ മനുഷ്യരെപ്പോലെ പെരുമാറരുത് എന്ന് ശഠിക്കുന്നത് എന്തു ധര്‍മ്മമാണ്? എന്ന് ചോദ്യവും ഗീവര്‍ഗീസ് തന്റെ കുറിപ്പില്‍ ഉന്നയിക്കുന്നുണ്ട്.

തനിക്ക് ശരി എന്ന് എന്നു ഉറച്ച ബോധ്യമുള്ള കാര്യങ്ങളില്‍ നിശ്ചദാര്‍ഢ്യത്തോടെ പെരുമാറുന്നതിനാലാണ് പിണറായി വിജയന്‍ എന്നും മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നത്. ദേഷ്യം വരുമ്പോള്‍ അത് മൂടിവെയ്ക്കാതെയും ചിരി വരുമ്പോള്‍ അത് ഒളിപ്പിക്കാതെയും ഇരിക്കുന്ന നേതാവാണ് പിണറായി വിജയനെന്ന് അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

ഇത്രയേറെ വേട്ടയാടപ്പെട്ട ഒരു നേതാവ് അഗ്‌നി പരീക്ഷണങ്ങളെ അതിജീവിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആയെങ്കില്‍, അത് മഹാ ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ അദ്ദേഹത്തെ യഥാര്‍ത്ഥമായി തിരിച്ചറിഞ്ഞതുകൊണ്ടു തന്നെയാണെന്നും ജയത്തിലും പരാജയത്തിലും ചങ്കുറപ്പോടെ മുന്നോട്ട് പോകുന്ന പിണറായി വിജയന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തന്റെ കുറിപ്പില്‍ പങ്ക് വെയ്ക്കുന്നത്.

Exit mobile version