ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ വാഗ്ദാന ലംഘനം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി പ്രഖ്യാപിച്ച കോണ്‍ഗ്രസിന്റെ 1000 വീട് പദ്ധതി വെള്ളത്തിലായതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം ജനങ്ങള്‍ക്കിടയില്‍ സംസാരവിഷയമാകുന്നത്. പദ്ധതിയുടെ അവസ്ഥ എന്താണെന്ന് ഇപ്പോള്‍ നേതൃത്വത്തിന് പോലും ഒരു ധാരണയുമില്ല. കോണ്‍ഗ്രസിന്റെ പദ്ധതി പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുമ്പോള്‍ ജില്ലകളില്‍ പദ്ധതിയ്ക്കായി ഇതുവരെ ഒരു തയ്യാറെടുപ്പും നടത്തിയിട്ടില്ലെന്നാണ് ഡിസിസികള്‍ തന്നെ വ്യക്തമാക്കുന്നത്.
ആലപ്പുഴയില്‍ ഹരിപ്പാട് മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്‍കൈയെടുത്ത് 20 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. 100 വീടു നിര്‍മിച്ചു നല്‍കുമെന്ന ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പദ്ധതിയും പ്രഖ്യാപനം മാത്രമാവുകയാണ്. 15ഓളം വീടുകള്‍ക്ക് തറക്കല്ലിട്ടെങ്കിലും ഒരെണ്ണം പോലും പൂര്‍ത്തീകരിച്ചിട്ടില്ല.
പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച ഇടുക്കി ജില്ലയില്‍ ഇതുവരെ ഒരാള്‍ക്കുപോലും കെപിസിസി തീരുമാനപ്രകാരം വീടുവച്ച് നല്‍കിയിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി തന്നെ സമ്മതിക്കുന്നുണ്ട്. എന്നാല്‍, പ്രാദേശിക നേതൃത്വം പണപ്പിരിവിലൂടെ ചെമ്മണ്ണാര്‍ പാമ്പുപാറയില്‍ ഒരു വീട് നിര്‍മിച്ചതായി ഉടുമ്പന്‍ചോല മണ്ഡലം ഭാരവാഹി സേനാപതി വേണു പറഞ്ഞു.
കണ്ണൂര്‍ ജില്ലയില്‍ കെപിസിസിയുടെ ആയിരം വീട് പദ്ധതിയില്‍ രണ്ട് വീട് നിര്‍മിച്ചുവെന്നാണ് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി അവകാശപ്പെടുന്നത്. കണിച്ചാറില്‍ നിര്‍മാണം നടക്കുകയാണെന്നും കൊട്ടിയൂരിലേത് പൂര്‍ത്തിയായെന്നും പറയുന്നു. എന്നാല്‍ തിരുവനന്തപുരത്തെ അവസ്ഥ ദയനീയമാണ് അവിടെ കോണ്‍ഗ്രസുകാര്‍ ഒരു വീടു പോലും നിര്‍മിച്ച് നല്‍കിയില്ല.
തൃശൂരില്‍ പ്രഖ്യാപിച്ചത് 50 വീടുകളാണെങ്കിലും ഒന്ന് മാത്രമേ നിര്‍മ്മിച്ച് നല്‍കിയുളളൂ. പത്തനംതിട്ടയില്‍ പ്രഖ്യാപിച്ചത് 10 വീടുകള്‍ പണിതുനല്‍കും എന്നാണ്. എന്നാല്‍ ഡിസിസി ഒരു വീടു മാത്രമാണ് നല്‍കിയത്. മലപ്പുറം ജില്ലയില്‍ നിര്‍മിച്ചു നല്‍കാമെന്നേറ്റ വീടുകളില്‍ ഒന്നു പോലും പൂര്‍ത്തിയാക്കി കൈമാറിയില്ല. കോട്ടയം ജില്ലയില്‍ എണ്‍പതോളം വീടുകള്‍ പണിയാനാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചതെങ്കിലും ഇതുവരെ പൂര്‍ത്തീകരിക്കാനായത് മൂന്നെണ്ണം മാത്രമാണ്.