തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്ത് നിന്ന് പിടികൂടിയത് 647 കോടിയുടെ കള്ളപ്പണം, 1100 കോടിയുടെ ലഹരിമരുന്നും; തെരഞ്ഞെടുപ്പ് കമ്മീഷന്‍

കേരളത്തില്‍ നിന്ന് 19.64 കോടിയുടെ ലഹരി മരുന്നും ആറുകോടിയുടെ കള്ളപ്പണവും മൂന്നു കോടിയുടെ കണക്കില്‍പ്പെടാത്ത ആഭരണങ്ങളുമാണ് പിടിച്ചെടുത്തത്.

ന്യൂഡല്‍ഹി: പതിനെഴാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്ത് വന്‍തോതില്‍ കള്ളപ്പണവും ലഹരി മരുന്നും പിടികൂടിയെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 647 കോടിയുടെ കള്ളപ്പണവും 1100 കോടിയുടെ ലഹരി മരുന്നുമാണ് പിടിച്ചെടുത്തതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

ഏറ്റവും കൂടുതല്‍ കള്ളപ്പണം പിടികൂടിയത് തമിഴ് നാട്ടില്‍ നിന്നാണ്. 187 കോടിയുടെ കള്ളപ്പണമാണ് തമിഴ് നാട്ടില്‍ നിന്നും പിടിച്ചെടുത്തത്. രണ്ടാം സ്ഥാനം ആന്ധ്രപ്രദേശിനാണ്. 137 കോടി രൂപയാണ് ഇവിടെ നിന്ന് പിടികൂടിയത്. അതെസമയം മിസോറാമില്‍ നിന്നും ലക്ഷദ്വീപില് നിന്നും ഒരു രൂപയുടെ കള്ളപ്പണം പോലും പിടിച്ചെടുത്തിട്ടില്ല.

ലഹരി മരുന്ന് ഏറ്റവും കൂടുതല്‍ പിടിച്ചെടുത്തത് പ്രധാനമന്ത്രിയുടെ നാടായ ഗുജറാത്തില്‍ നിന്നാണ്.500 കോടി രൂപയുടെ ലഹരിമരുന്നാണ് പിടികൂടിയത്. ഡല്‍ഹിയില്‍ നിന്നും 348 കോടിയുടെ ലഹരി മരുന്നും പിടികൂടി. ഒഡീഷയില്‍ നിന്ന് ഒരു രൂപയുടെ ലഹരി മരുന്നു പോലും പിടികൂടിയിട്ടില്ല.

കേരളത്തില്‍ നിന്ന് 19.64 കോടിയുടെ ലഹരി മരുന്നും ആറുകോടിയുടെ കള്ളപ്പണവും മൂന്നു കോടിയുടെ കണക്കില്‍പ്പെടാത്ത ആഭരണങ്ങളുമാണ് പിടിച്ചെടുത്തത്.

കൂടാതെ കണക്കില്‍ പെടാത്ത 500 കോടിയുടെ ആഭരണങ്ങളും രത്‌നങ്ങളും രാജ്യത്ത് ആകെ പിടിച്ചെടുത്തിട്ടുണ്ട്. ഇവ കൂടാതെ 206 കോടിയുടെ മദ്യവും പിടിച്ചെടുത്തിട്ടുണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

Exit mobile version