തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ട്വിറ്ററും ഫേസ്ബുക്കും ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങള്‍ അഞ്ഞൂറോളം പോസ്റ്റുകള്‍ നീക്കം ചെയ്തു. വോട്ടിംഗ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് നിശബ്ദ പ്രചാരണ സമയത്ത് ചട്ടലംഘനം നടത്തുന്ന തരത്തിലുളള പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.
തെരഞ്ഞെടുപ്പ് പാനലിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഫേസ്ബുക്ക് മാത്രം 500 പോസ്റ്റുകള്‍ നീക്കം ചെയ്തിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡയറക്ടര്‍ ജനറല്‍ ധീരേന്ദ്ര ഓജ പറഞ്ഞു. ട്വിറ്റര്‍ രണ്ട് പോസ്റ്റുകളും വാട്‌സ്ആപ്പ് ഒരു പേസ്റ്റും നീക്കം ചെയ്തു.
തെരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടാല്‍ പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് സമൂഹമാധ്യമങ്ങള്‍ കഴിഞ്ഞ മാസം സ്വമേധയാ സമ്മതിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരേയും കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്.