മണിപ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തരംഗം മങ്ങുന്നതിന്റെ നേര്‍ക്കാഴ്ചയുമായി സോഷ്യല്‍മീഡിയ. മണിപ്പൂരില്‍ നടന്ന ബിജെപി റാലിയില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് മോഡി പ്രഭാവത്തിന്റെ ദയനീയത പുറത്ത് കൊണ്ടുവന്നത്. പ്രധാനമന്ത്രി പങ്കെടുത്ത ബിജെപി റാലിയില്‍ നിന്ന് ജനങ്ങള്‍ ഇറങ്ങി പോകുന്നതാണ് ദൃശ്യങ്ങള്‍. എന്നാല്‍ പുറത്തിറങ്ങാന്‍ ശ്രമിക്കുന്നവരെ ബാരിക്കേഡുകള്‍ വെച്ചും ഗേറ്റുകള്‍ പൂട്ടിയിട്ടും ശ്രമം നടത്തുകയാണ് പോലീസ്.
എന്നാല്‍ പോലീസിനെ തള്ളി സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ആളുകള്‍ ഗേറ്റുകളും ബാരിക്കേഡുകളും മറ്റും ചാടിക്കടന്ന് അവിടെ നിന്ന് ഓടിപോവുകയാണ് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി റാലിയില്‍ നിന്ന് ജനം പോവുന്നതിന്റെ ദൃശ്യങ്ങള്‍ എത്തിയത് നേതൃത്വത്തിന് വെല്ലുവിളി തന്നെയാണെന്നതില്‍ സംശയമില്ല. സംഭവം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. പരിപാടിക്കിടെ കസേരകളില്‍ നിന്ന് ആളുകള്‍ എഴുന്നേറ്റ് പോവുകയാണ് ചെയ്യുന്നത്. പോലീസ് തടയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
മരപ്പലക കുറുകെ പിടിച്ചും പോലീസ് തടയാന്‍ ശ്രമിക്കുന്നുണ്ട്. മൂന്നു വിഡിയോകളാണ് പുറത്തു വന്നിരിക്കുന്നത്. പുറത്തേക്കു കടക്കാന്‍ ശ്രമിക്കുന്നവരില്‍ ചിലരെ ഗേറ്റ് കടത്തിവിടുന്നതും മറ്റുള്ളവരെ തിരികെ അകത്തേക്ക് തന്നെ തള്ളി വിടുന്നതും ഒരു വീഡിയോയില്‍ കാണാം. പോലീസ് പൂട്ടിയിട്ട വലിയ ഗേറ്റ് ഒരു പെണ്‍കുട്ടിയും യുവതിയും ചേര്‍ന്ന് ചാടിക്കടക്കുന്നതും അവരെ മറ്റ് സ്ത്രീകള്‍ പ്രോത്സാഹിപ്പിക്കുന്നതുമാണ് മറ്റൊരു വീഡിയോയില്‍. എന്നാല്‍ സ്ത്രീകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് ഗേറ്റ് തുറക്കുന്നുണ്ട്.
Discussion about this post