ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ബിജെപി ദേശീയ നേതൃത്വത്തെയും വിമര്‍ശിച്ച ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന ബിജെപി നേതാവ് ഐപി സിങ്ങിനെ ബിജെപി പുറത്താക്കി. തെരഞ്ഞെടുത്തത് പ്രധാനമന്ത്രിയെയാണോ, ‘പ്രചാര’മന്ത്രിയെയാണോയെന്നും രാജ്യത്തിന്റെ പ്രധാനമന്ത്രി ടീ ഷര്‍ട്ടും ചായക്കപ്പും വില്‍ക്കുന്നതു നല്ലതാണോയെന്നും നരേന്ദ്ര മോഡിയെ പരിഹസിച്ച് ഐപി സിങ് ട്വിറ്ററില്‍ പോസ്റ്റ് ഇട്ടിരുന്നു.
കൂടാതെ ഗുജറാത്തികളായ ‘രണ്ടു കൊള്ളക്കാര്‍’ ജനത്തെ പറ്റിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതോടൊപ്പം സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ പുകഴ്ത്തിക്കൊണ്ട് ട്വിറ്ററില്‍ കുറിപ്പ് ഇട്ടിരുന്നു. അസംഘട്ടില്‍ നിന്നു മത്സരിക്കുന്ന അഖിലേഷ് യാദവിന്റെ പ്രചാരണത്തിനായി ഓഫിസിനുവേണ്ടി തന്റെ വീട് വിട്ടുനല്‍കാന്‍ തയാറാണെന്നും അദ്ദേഹം കുറിച്ചിരുന്നു.
ഇതിന് തൊട്ടുപിന്നാലെ ഐപി സിങ്ങിനെ പാര്‍ട്ടി പുറത്താക്കിയെന്ന് ബിജെപി സംസ്ഥാന നേതൃത്വം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആറ് വര്‍ഷത്തേക്കാണ് അദ്ദേഹത്തെ പുറത്താക്കിയത്. സത്യം പറയുന്നത് കുറ്റമാണെങ്കില്‍ ബിജെപിയില്‍ ജനാധിപത്യമില്ലെന്നാണ് അര്‍ഥം. എന്നോടു ക്ഷമിക്കൂ നരേന്ദ്രമോഡിജീ, കണ്ണ് കെട്ടിക്കൊണ്ട് എനിക്ക് താങ്കളുടെ ചൗക്കിദാറായി പ്രവര്‍ത്തിക്കാന്‍ സാധ്യമല്ലയെന്ന് അദ്ദേഹം പുറത്താക്കല്‍ വാര്‍ത്തയോട് പ്രതികരിച്ചു.
Discussion about this post