പനജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ (63) അന്തരിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് മരണം സ്ഥിരീകരിച്ചത്. മൂന്ന് വട്ടം ഗോവ മുഖ്യമന്ത്രി (2000-05, 2012-14, 2017-2019) മനോഹര്‍ പരീക്കര്‍. മോഡി മന്ത്രി സഭയില്‍ മൂന്ന് വര്‍ഷം പ്രതിരോധ മന്ത്രിയായിരുന്നു. ഐഐടി ബിരുദധാരിയായ രാജ്യത്തെ ആദ്യ മുഖ്യമന്ത്രി കൂടിയായിരുന്നു മനോഹര്‍ പരീക്കര്‍.
പാന്‍ക്രിയാസിലെ ക്യാന്‍സര്‍ ബാധയ്ക്ക് ദീര്‍ഘ നാളുകളായി ഇദ്ദേഹം ചികിത്സയിലായിരുന്നു. ചികിത്സയ്ക്ക് ശേഷം ഡിസംബര്‍ മാസത്തിലാണ് പരീക്കര്‍ തിരിച്ചെത്തിയത്. എന്നാല്‍ ഇദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനായിരുന്നില്ല. കഴിഞ്ഞ ദിവസം മുതല്‍ സ്ഥിതി വഷളാകുകയായിരുന്നു.
രോഗബാധയെ തുടര്‍ന്ന് യുഎസിലും ഇന്ത്യയിലുമായി ചികിത്സയിലായിരുന്നു. നിലവില്‍ പനാജിയില്‍ വീടിനടുത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്.
ഗുരുതര രോഗം അലട്ടിയപ്പോഴും അദ്ദേഹം പാര്‍ട്ടിയിലും സര്‍ക്കാര്‍ ചടങ്ങുകളിലും സജീവമായിരുന്നു. ബിജെപിയുമായി രാഷ്ട്രീയമായി വിയോജിക്കുന്നവര്‍ക്ക് പോലും സ്വീകാര്യനായ നേതാവായിരുന്നു മനോഹര്‍ പരീക്കര്‍.
പരീക്കറുടെ ആരോഗ്യനില മോശമായതോടെ ബിജെപിയില്‍ പുതിയ മുഖ്യമന്ത്രിക്കായി തിരക്കിട്ട ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഇതിനിടെ, മാസങ്ങള്‍ക്കു മുമ്പ് മൂക്കില്‍ ട്യൂബിട്ട നിലയില്‍, ക്ഷീണിതനായി പരീക്കര്‍ പൊതുവേദിയിലും സഭയിലും എത്തി.
മനോഹര്‍ പരീക്കറിന്റെ സംസ്‌കാരം ഇന്ന് വൈകീട്ട് പനാജിയില്‍ നടക്കും. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ഡല്‍ഹിയില്‍ പ്രത്യേക അനുശോചന യോഗം ചേര്‍ന്നതിന് ശേഷം പ്രാധാനമന്ത്രിയും മറ്റ് കേന്ദ്രമന്ത്രിമാരും ഗോവയിലെത്തി പരീക്കറിനെ കാണും. രാജ്യമെങ്ങും ദുഖാചരണത്തിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പരേതയായ മേധയാണ് ഭാര്യ. ഉത്പല്‍ , അഭിജിത്ത് എന്നിവര്‍ മക്കളാണ്.
Discussion about this post