കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് സീറ്റ് നിഷേധിക്കപെട്ടതോടെ കോണ്‍ഗ്രസിനെതിരെ പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ്സ് നേതാവും നിലവിലെ എംപിയുമായ കെവി തോമസ് രംഗത്ത്.
തന്നോട് പറയാതെയാണ് ഒഴിവാക്കിയതെന്നും, എട്ടു സിറ്റിങ് എംപിമാരില്‍ താന്‍ മാത്രം എന്ത് തെറ്റ് ചെയ്‌തെന്ന് അറിയില്ലെന്നും കെവി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനിടെ ബിജെപി പാളയത്തില്‍ ചേരാനുള്ള സാധ്യതയും കെവി തോമസ് തുറന്നിട്ടു. കോണ്‍ഗ്രസില്‍ തന്നെ തുടരുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളോട് വ്യക്തമായ മറുപടി പറയാന്‍ അദ്ദേഹം തയ്യാറായില്ല.
കോണ്‍ഗ്രസ് പാര്‍ട്ടി തന്നോട് ഈ സമീപനം സ്വീകരിക്കുമെന്ന് കരുതിയില്ല. രാഷ്ട്രീയത്തില്‍ തുടരും. ഏത് രീതിയില്‍ വേണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും കെവി തോമസ് പറഞ്ഞു. എറണാകുളത്തു തനിക്കു പകരം ഹൈബി ഈഡനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു കെവി തോമസ്.
അതേസമയം, കെവി തോമസ് എറണാകുളത്തിന്റെ വികസനത്തിന് ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ പരിപൂര്‍ണ്ണ നേതൃത്വത്തിലും അനുഗ്രഹത്തോടുകൂടിയുമായിരുക്കും താന്‍ തെരഞ്ഞെടുപ്പിന് ഇറങ്ങുകയെന്നും ഹൈബി ഈഡന്‍ പറഞ്ഞു.
ഏറെ നേരത്തെ ആകാംക്ഷകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് രാത്രി പത്ത് മണിയോടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നത്.
Discussion about this post