ന്യൂഡല്‍ഹി: രാജ്യത്തിനായി വീരമൃത്യുവരിച്ച ജവാന്മാര്ക്കുള്ള ആദരമായി ദേശീയ യുദ്ധ സ്മാരകം പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമര്‍പ്പിച്ചു. ഡല്‍ഹിയില്‍ ഇന്ത്യാ ഗേറ്റിന് സമീപം 40 ഏക്കറില്‍ പരന്നു കിടക്കുന്ന വിശാലമായ ഭൂമിയിലാണ് രാജ്യത്തെ ആദ്യ യുദ്ധസ്മാരകം തയാറാക്കിയിരിക്കുന്നത്. സ്മാരകത്തില്‍ കെടാവിളക്ക് ജ്വലിപ്പിച്ചു കൊണ്ടായിരുന്നു പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.
1947, 1965, 1971 വര്‍ഷങ്ങളിലെ പാക്കിസ്ഥാന് യുദ്ധത്തിലും 1962ലെ ചൈന യുദ്ധത്തിലും 1999ലെ കാര്‍ഗില്‍ യുദ്ധത്തിലും വീരമൃത്യു വരിച്ച സൈനികര്‍ക്കുള്ള ആദരവായി ചടങ്ങില്‍ സ്മരണാഞ്ജലി അര്‍പ്പിച്ചു. യുഎന്‍ സമാധാന ദൗത്യത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കവേ ജീവത്യാഗം ചെയ്ത സൈനികരേയും പ്രത്യേകം അനുസ്മരിച്ചു.
വീരമൃത്യുവരിച്ച 25,942 ജവാന്മാരുടെ പേരുകളും അവരുടെ റാങ്കും റെജിമെന്റും മെമ്മോറിയലിലെ 16 ചുമരുകളിലായി കൊത്തിവച്ചിട്ടുണ്ട്. പൗരാണിക സൈനിക വിന്യാസമായ ചക്രവ്യൂഹ മാതൃകയില്‍ അമര്‍ ചക്ര, വീരത ചക്ര, ത്യാഗ ചക്ര, രക്ഷക് ചക്ര എന്നിങ്ങനെ നാലു വൃത്തങ്ങളായാണ് രൂപകല്‍പ്പന.
പരംവീരയോദ്ധാസ്ഥലില് പരംവീര ചക്ര ലഭിച്ച 21 പേരുടെ അര്‍ദ്ധകായ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. 176 കോടി ചെലവിട്ടാണ് സ്മാരകം നിര്‍മ്മിച്ചിരിക്കുന്നത്. 250 പേര്‍ക്ക് ഒരേസമയം സന്ദര്‍ശനം നടത്താം. 2015ലാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നല്‍കിയത്.
സ്മാരകം രാജ്യത്തിന് സമര്‍പ്പിച്ചശേഷം സംസാരിച്ച നരേന്ദ്രമോഡി മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ചു. ചിലയാളുകള്‍ക്ക് രാജ്യമല്ല കുടുംബമാണ് ആദ്യം. സുരക്ഷാ സേനയുടെ ആവശ്യങ്ങളോട് കുറ്റകരമായ അനാസ്ഥയാണ് മുന്‍സര്‍ക്കാരുകള്‍ കാണിച്ചത്. പ്രതിരോധമേഖലയെ അഴിമതിക്കും ലാഭത്തിനും വേണ്ടിയാണ് ഉപയോഗിച്ചത്. ബോഫോഴ്സ് മുതല്‍ ഹെലികോപ്ടര്‍ ഇടപാടുവരെ എല്ലാ അന്വേഷണങ്ങളും ഒരു കുടുംബത്തെയാണ് ചൂണ്ടിയത്. ഇപ്പോള്‍ അവര്‍ റാഫേല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്തെ എത്താതിരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നു. അത്യാധുനിക ജെറ്റുകള്‍ ഇന്ത്യയില്‍ എത്തരുതെന്ന് കരുതിയാണ് റാഫേല്‍ ഇടപാടില്‍ അഴിമതി ആരോപിക്കുന്നത്.
എല്ലാം മറികടന്ന് അടുത്ത് തന്നെ ഇന്ത്യന്‍ ആകാശത്ത് റാഫേല്‍ വിമാനങ്ങള്‍ പറക്കുമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധസ്മാരകമുണ്ടാക്കാതെ മുന്‍സര്‍ക്കാരുകള്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബത്തോട് അനീതിയാണ് കാണിച്ചതെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
#NationalWarMemorial is a fitting tribute to our soldiers who laid down their lives defending the nation,
It comprises of four concentric circles
◾️Amar Chakra
◾️Veerta Chakra
◾️Tyag Chakra
◾️Rakshak Chakra pic.twitter.com/3BVsvFqJp0— PIB India (@PIB_India) 25 February 2019
Discussion about this post