സോള്‍ സമാധാന പുരസ്‌കാരം നരേന്ദ്ര മോഡി ഏറ്റുവാങ്ങി

രണ്ട് ലക്ഷം ഡോളറും (ഒന്നരക്കോടി രൂപ) ഫലകവുമാണ് പുരസ്‌കാരം

സോള്‍: 2018 ലെ സോള്‍ സമാധാന പുരസ്‌കാരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഏറ്റുവാങ്ങി. ഈ പുരസ്‌കാരം ലഭിക്കുന്ന പതിനാലാമത്തെ ലോക നേതാവാണ് നരേന്ദ്രമോഡി.പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് മോഡി. രണ്ട് ലക്ഷം ഡോളറും (ഒന്നരക്കോടി രൂപ) ഫലകവുമാണ് പുരസ്‌കാരം.

അന്താരാഷ്ട്ര സഹവര്‍ത്വത്തിനും ആഗോള സാമ്പത്തിക വികസനത്തിനും നല്‍കിയ സംഭാവനകളാണ് നരേന്ദ്ര മോഡിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് പുരസ്‌കാരം സമര്‍പ്പിക്കുന്നതായി അദ്ദേഹം പ്രതികരിച്ചു. മഹാത്മ ഗാന്ധിയുടെ 150-ാം പിറന്നാള്‍ ആഘോഷിക്കുന്ന വര്‍ഷത്തില്‍ പുരസ്‌കാരം നേടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് മോഡി കൂട്ടിച്ചേര്‍ത്തു.

പുരസ്‌കാര ചടങ്ങില്‍ നരേന്ദ്ര മോഡിയുടെ ജീവിതത്തിലെ പ്രധാന ഭാഗങ്ങള്‍ കോര്‍ത്തിണക്കി ഹ്രസ്വചിത്രം പ്രദര്‍ശിപ്പിച്ചു. 1990 ലെ ഒളിംപിക്‌സിന് തൊട്ടു പിന്നാലെയാണ് സോള്‍ സമാധാന പുരസ്‌കാരം ദക്ഷിണ കൊറിയ നല്‍കാന്‍ ആരംഭിച്ചത്.ഐക്യരാഷ്ട്ര സഭ മുന്‍ സെക്രട്ടറി ജനറല്‍ കൊഫീ അന്നന്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍കല്‍ എന്നിവര്‍ക്ക് മുമ്പ് സോള്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

Exit mobile version