കൊട്ടാരക്കര: വാഹനാപകടത്തില്‍ മരിച്ചെന്ന് കരുതി ചന്ദ്രകാന്തിന്റെ ചടങ്ങുകളെല്ലാം പൂര്‍ത്തിയാക്കി. എന്നാല്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 70കാരന് ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞ് ഞെട്ടലിലും സന്തോഷത്തിലുമാണ് കുടുംബവും ബന്ധുക്കളും. മഹാരാഷ്ട്രയിലെ സാംഗലി ജില്ലയിലെ ട്രക്ക് ഡ്രൈവറായിരുന്ന ചന്ദ്രകാന്ത് തിരുവനന്തപുരത്തുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു എന്ന് വിവരമാണ് വീട്ടുകാര്‍ക്ക് നേരത്തെ ലഭിച്ചത്.
എന്നാല്‍ ഗുരുതര പരിക്കേറ്റ് ചന്ദ്രകാന്തിനെ നാട്ടുകാരും പോലീസും ചേര്‍ന്ന് മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങി വന്നെങ്കിലും കാലിന് ചലനശേഷി കുറയുകയും ഓര്‍മ്മകള്‍ നഷ്ടപ്പെടുകയും ചെയ്തു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ നിര്‍ദേശ പ്രകാരം കലയപുരം ജോസും സംഘവും ഏറ്റെടുത്തു.
അവിടെ നിന്നുള്ള ചികിത്സയും പരിചരണവും കൊണ്ട് ചന്ദ്രകാന്തിന് ഓര്‍മ്മ തിരിച്ച് കിട്ടി. തുടര്‍ന്നുള്ള ആശ്രയ ജീവനക്കാരുടെ അന്വേഷണത്തില്‍ മഹാരാഷ്ട്രയിലുള്ള സഹോദരി സുശീലയെയും കുടുംബാംഗങ്ങളെയും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെ വിവരം അറിച്ചു.
സഹോദരി പുത്രന് ദാദാസോ പാണ്ഡുരംഗ് ഷിന്‍ഡെയും കുടുംബാംഗങ്ങളും കലയപുരം സങ്കേതത്തിലെത്തി ചന്ദ്രകാന്തിനെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു.
Discussion about this post