കണ്ണൂര്‍: കണ്ണൂരില്‍ നിന്നും കാണാതായ പറമ്പായി നിഷാദിന്റെ തിരോധാനത്തിന് പിന്നിലെ ചുരുളഴിയുന്നു. സംഭവത്തിന് പിന്നില്‍ തീവ്രവാദ സംഘങ്ങള്‍ക്ക് പങ്കുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. അതേസമയം നൗഷാദ് കൊല്ലപ്പെട്ടുവെന്ന് ബംഗളൂരു സ്‌ഫോടന കേസിലെ പ്രതി സലീം അന്വേഷണസംഘത്തിന് മൊഴി നല്‍കി.
ഈ മാസം പത്താം തിയ്യതി കണ്ണൂര്‍ പിണറായിയില്‍ പിടിയിലായ പറമ്പായി സലീമില്‍ നിന്നാണ് പുതിയ വിവരങ്ങള്‍ പുറത്തു വന്നത്. ആറുവര്‍ഷം മുമ്പ് കാണാതായ നിഷാദിനെ കൊലപ്പെടുത്തി എന്നാണ് മൊഴി. ബംഗളൂരു സ്‌ഫോടന കേസ് പ്രത്യേക അന്വേഷണ സംഘത്തോടാണ് സലീം ഇക്കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്നാണ് നിഷാദിന്റെ തിരോധാനം എന്‍ഐഎ അന്വേഷിക്കണമെന്ന് ബന്ധുക്കളും കര്‍മ്മസമിതിയും ആവശ്യപ്പെട്ടത്.
ഒരു സ്ത്രീയുമായുള്ള ബന്ധത്തെ തുടര്‍ന്ന് നിഷാദിനെ വകവരുത്താന്‍ ക്വൊട്ടേഷന്‍ ലഭിച്ചെന്നാണ് സലീമിന്റെ മൊഴി. സുഹൃത്തായ മജീദിന്റെ സഹായത്തോടെ കൊല നടത്തി ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചിട്ടു എന്നും ഇയാള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.
2008ലെ ബംഗളൂരു സ്‌ഫോടന കേസിലെ പ്രതിയായ സലിം പത്തു വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞ ശേഷമാണ് പിടിയിലായത്. നിഷാദ് തിരോധാനം നിലവില്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
Discussion about this post