തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ഏഴ് സബ് ആര്‍ടിഒ ഓഫീസുകള്‍ തുടങ്ങാന്‍ മന്ത്രിസഭാ തീരുമാനം. മോട്ടോര്‍ വാഹന വകുപ്പിനു കീഴില്‍ കൊണ്ടോട്ടി, ഫറോക്ക്, പയ്യന്നൂര്‍, ചടയമംഗലം, പത്തനാപുരം, കോന്നി, വര്‍ക്കല എന്നിവിടങ്ങളിലാണ് പുതിയ സബ് ആര്‍ടിഒ ഓഫീസുകള്‍ തുടങ്ങുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് രണ്ടു ലക്ഷം രൂപയായി ഉയര്‍ത്താന്‍ തീരുമാനിച്ചു. ഇടുക്കി കലക്ടര്‍ ജീവന് ബാബുവിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി മാറ്റി നിയമിക്കാനും, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ബിഎസ് തിരുമേനിയെ പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കാനും, പഞ്ചായത്ത് ഡയറക്ടര്‍ എച്ച് ദിനേശനെ ഇടുക്കി കലക്ടറായി മാറ്റി നിയമിക്കാനും യോഗത്തില്‍ തീരുമാനമായി.
കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ കാലാവധി 2019 മാര്‍ച്ച് 28 മുതല്‍ ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കും. ഏഴു ജില്ലകളില്‍ ന്യൂനപക്ഷ-യുവജന പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കും. കണ്ണനല്ലൂര്‍ (കൊല്ലം), കായംകുളം (ആലപ്പുഴ), മട്ടാഞ്ചേരി (എറണാകുളം), പട്ടാമ്പി (പാലക്കാട്), വളാഞ്ചേരി (മലപ്പുറം), പേരാമ്പ്ര (കോഴിക്കോട്), തലശ്ശേരി (കണ്ണൂര്‍) എന്നിവിടങ്ങളിലാണ് പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങുന്നത്.
എറണാകുളം ജില്ലയിലെ തുറവൂരിലും വയനാട് ജില്ലയിലെ വെള്ളമുണ്ടയിലും പുതിയ സര്‍ക്കാര്‍ ഐടിഐകള്‍ തുടങ്ങും. തുറവൂരില്‍ ഇലക്ട്രീഷ്യന്, മെക്കാനിക് ഡീസല്‍ എന്നീ രണ്ടു ട്രേഡുകളുടെ രണ്ടുവീതം യൂണിറ്റുകള്‍ അനുവദിക്കും. വെള്ളമുണ്ടയില്‍ ഇലക്ട്രീഷ്യന്, പ്ലംബര്‍ എന്നീ ട്രേഡുകളുടെ രണ്ടുവീതം യൂണിറ്റുകളാണ് തുടങ്ങുക. രണ്ടിടത്തും 6 വീതം പുതിയ തസ്തികകള്‍ സൃഷ്ടിക്കാനാണ് മന്ത്രി സഭാ തീരുമാനം.
Discussion about this post