തൃശ്ശൂര്‍: പതിവു സമയത്തേക്കാള്‍ അഞ്ച് മിനിറ്റ് നേരത്തെ ബസ് സ്റ്റാന്‍ഡിലേക്ക് പാഞ്ഞെത്തിയ കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറുടെ പണി തെറിച്ചേക്കും. മദ്യപിച്ചു ബസ് ഓടിച്ചതിനാണ് അധികാരികള്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുന്നത്. ഡ്രൈവറെ തൃശ്ശൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് വിജിലന്‍സ് പിടികൂടിയിരുന്നു. മൂവാറ്റുപുഴ ഡിപ്പോയിലെ ഡ്രൈവര്‍ ജിജോ സദാനന്ദന്‍ ആണു കുടുങ്ങിയത്.
ഇന്നലെ ഉച്ചയോടെ തൃശൂര്‍ ഡിപ്പോയിലാണു സംഭവം. മൂവാറ്റുപുഴയില്‍നിന്നു കാസര്‍കോട് കൊന്നക്കാട്ടേക്കു പോയ ബസ് പതിവു സമയത്തേക്കാള്‍ അഞ്ചു മിനിറ്റ് മുന്‍പേ തൃശൂരില്‍ എത്തിയതാണു സംശയത്തിനിടയാക്കിയത്. പടിഞ്ഞാറേക്കോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു വൈദ്യപരിശോധന നടത്തിയപ്പോഴാണ് മദ്യലഹരിയിലാണെന്നു സ്ഥിരീകരിച്ചത്. ഡ്രൈവര്‍ക്കെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കും.
അപകടകരമായ വേഗത്തിലാണോ ബസ് എത്തിയതെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഡിപ്പോ അധികൃതര്‍ ഡ്രൈവറോടു വിവരങ്ങള്‍ ആരായാനെത്തിയപ്പോള്‍ മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടു. ഇതോടെ ഡിപ്പോ അധികൃതര്‍ വിജിലന്‍സില്‍ അറിയിച്ചു. തൃശൂര്‍ യൂണിറ്റ് മേധാവി വികെ സതീഷിന്റെ നേതൃത്വത്തില്‍ വിജിലന്‍സ് സംഘമെത്തി ഡ്രൈവറെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കുകയായിരുന്നു.
മദ്യപിച്ചിട്ടുണ്ടെന്നു സ്ഥിരീകരിച്ചതോടെയാണ് ഇയാളെ പിടികൂടിയത്. ഡ്രൈവറെ ഉടന്‍ ജോലിയില്‍നിന്നു മാറ്റിനിര്‍ത്തിയതായും പകരം ഡ്രൈവറെ ഉപയോഗിച്ചു സര്‍വീസ് നടത്തിയതായും ഡിടിഒ കെടി സെബി അറിയിച്ചു.
Discussion about this post