ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്ക ഗാന്ധിയുടെ ചുവടുവയ്പ്പ് വരുന്ന യുപി തിരഞ്ഞെടുപ്പിനെ യഥാര്‍ത്ഥത്തില്‍ പ്രവചനാതീതമാക്കിയിരിക്കുകയാണ്. രാഷ്ട്രീയ കേന്ദ്രങ്ങള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണിപ്പോള്‍ പ്രിയങ്കയെ.
ഇന്ധിരാ ഗാന്ധിയുടെ പിന്‍ഗാമിയാണ് പ്രിയങ്കാ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍പോലും പറയാറുണ്ട്. രൂപസാദൃശ്യത്തിലും ചടുലമായ നീക്കത്തിലും വാക്കിലുമെല്ലാം പ്രിയങ്ക, ഇന്ദിരാഗാന്ധിയെ അനുസ്മരിപ്പിക്കുന്നു.
അടിയന്തിരാവസ്ഥയില്‍ പരാജിതയായി പ്രധാനമന്ത്രി പദം നഷ്ടമായിട്ടും 1980ലെ തെരഞ്ഞെടുപ്പില്‍ കൊടുങ്കാറ്റുപോലെ കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിച്ച ഇന്ദിരാഗാന്ധിയെപോലെ, യുപിയില്‍ കോണ്‍ഗ്രസിനെ ഉയര്‍ത്തെഴുനേല്‍പ്പിക്കാന്‍ പ്രിയങ്കയ്ക്കാവുമോ എന്ന് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നു.
രാഹുല്‍ ഗാന്ധിയുടെ ഏറ്റവും വലിയ ബലം പിന്നില്‍ പ്രിയങ്ക ഉണ്ട് എന്നതാണ് എന്ന തരത്തിലും പ്രാധാന്യം നേടിയിട്ടുണ്ട് പ്രിയങ്ക. ഇതുവരെ പിറകില്‍ നിന്നുമായിരുന്നു പ്രിയങ്കയുടെ രാഷ്ട്രീയ നീക്കങ്ങള്‍ എന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളതെങ്കില് ഇനി മുതല്‍ നേരിട്ട് കളത്തിലാണ് പ്രിയങ്കയുടെ നീക്കങ്ങള്‍.
എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ചുമതലയേറ്റ്, യോഗി ആദിത്യനാഥിന്റെ യുപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ ചുമതലയേല്‍ക്കുമ്പോള്‍ നെഞ്ചിടിപ്പേറുന്നത് ജാതിരാഷ്ട്രീയം പയറ്റുന്ന മായാവതിക്കും അഖിലേഷ് യാദവിനുമാണ്.
ബാബറി മസ്ജിദിന്റെ തകര്‍ച്ചയോടെ കോണ്‍ഗ്രസിന്റെ ആദിവാസി, ദലിത്, ഒബിസി, മുസ്ലിം വോട്ടുബാങ്കുകള്‍ പങ്കിട്ടെടുത്താണ് യുപിയില്‍ മായാവതിയും മുലായംസിങ് യാദവും ജാതി രാഷ്ട്രീയത്തിന് തുടക്കംകുറിച്ചത്.
തീവ്രഹിന്ദുത്വവുമായി ബിജെപിയും ജാതി രാഷ്ട്രീയവുമായി മായാവതിയും മുലായവും കളത്തിലിറങ്ങിയതോടെ 80 ലോക്സഭാംഗങ്ങളെ പാര്‍ലമെന്റിലേക്കയക്കുന്ന യുപിയില്‍ 2 സീറ്റ് മാത്രം നേടി കോണ്‍ഗ്രസ് നിഷ്പ്രഭമായി.
യുപിയിലെ കിഴക്കന്‍ മേഖലകളുടെ ചുമതല പ്രിയങ്ക ഏറ്റെടുക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സ്വാധീന മേഖലകളിലേക്ക് കടന്നുകയറി വെല്ലുവിളി ഉയര്‍ത്തുകയാണ് കോണ്‍ഗ്രസ്.
ഭാവി പ്രധാനമന്ത്രിയായി മോഡിക്കെതിരെ രാഹുല്‍ഗാന്ധിയെ ഉയര്‍ത്തികാട്ടുന്ന കോണ്‍ഗ്രസിന് ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ യു.പി പിടിക്കണം. കേവലം രണ്ടു സീറ്റുകള്‍ മാത്രമുള്ള യു.പിയില്‍ കോണ്‍ഗ്രസിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാനുള്ള ചരിത്രനിയോഗമാണ് ഇനി പ്രിയങ്കക്കു മുന്നിലുള്ളത്.
രാഹുലിനു വേണ്ടി അമേഠിയിലും സോണിയക്കുവേണ്ടി റായ്ബറേലിയിലും മാത്രം പ്രചരണത്തിനിറങ്ങിയ ചരിത്രമുള്ള പ്രിയങ്ക ഇനി യുപിയില്‍ പ്രചരണ നേതൃത്വമെറ്റെടുക്കുന്നതോടെ നരേന്ദ്രമോഡിയും പ്രതിരോധത്തിലാകും.
പഴയവോട്ടുബാങ്ക് കോണ്‍ഗ്രസ് തിരിച്ചുപിടിച്ചാല്‍ ജാതിരാഷ്ട്രീയം പയറ്റുന്ന എസ്പി ബിഎസ്പി സഖ്യത്തിന് വലിയ തിരിച്ചടിയാകും. യുപിയിലെ ഭൂരിഭാഗം വോട്ടുകളും പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് എസ്പി ബിഎസ്പി സഖ്യം.
പ്രിയങ്കക്കൊപ്പം മധ്യപ്രദേശില്‍ കോണ്‍ഗ്രസിനു ഭരണം നേടിക്കൊടുത്ത ജ്യോതിരാദിത്യ സിന്ധ്യയെ പശ്ചിമ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായും എത്തുന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തിലാണ്.
കാര്‍ഷികമേഖലയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രോഷം തിളച്ചു മറിയുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ അനുകൂല വികാരം തരംഗമാക്കാന്‍ പ്രിയങ്കക്കു കഴിഞ്ഞാല്‍ അത് യുപിയില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് വഴിയൊരുക്കും.
ജാതി രാഷ്ട്രീയവുമായി സന്ധിചെയ്ത് അഖിലേഷിന്റെ സമാജ്വാദി പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്നപ്പോഴാണ് 2014ല്‍ കേവലം രണ്ട് സീറ്റിലേക്ക് ഒതുങ്ങിയത്. അജിത്സിങിന്റെ രാഷ്ട്രീയ ലോക്ദളും മുലായംസിങ് യാദവിന്റെ ഇളയ സഹോദരന് ശിവ്പാല്‍യാദവിന്റെ പ്രഗതിശീല് സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസുമായി സഖ്യത്തിന് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. തമ്മില്പോരടിച്ചു നില്ക്കുന്ന എസ്പിയും ബിഎസ്പിയും സഖ്യമായാലും വിമതശല്യം ഉറപ്പാണ്. ഈ വിമത വോട്ടുകളിലാണ് ബിജെപിയുടെ പ്രതീക്ഷ.
Discussion about this post