തൃശൂര്‍: റോഡിലേക്ക് ഓടിക്കയറിയ പൂച്ചക്കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തൃശൂര്‍ മണ്ണുത്തിയിലാണ് ദാരുണ സംഭവം.
കാളത്തോട് സ്വദേശി സിജോ ചിറ്റിലപ്പിള്ളിയാണ് മരിച്ചത്. 42 വയസ്സായിരുന്നു. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവം. സിജോയുടെ മരണം നാടിന് തന്നെ നൊമ്പരമായിരിക്കുകയാണ്.
പൂച്ചക്കുട്ടിയെ രക്ഷിക്കാനോടിയപ്പോള്‍ ‘ഓടല്ലേടാ’ എന്നു റോഡിന് വശത്തുനിന്നവര്‍ വിളിച്ചുപറഞ്ഞെങ്കിലും സിജോ റോഡ് മുറിച്ചുകടക്കുകയായിരുന്നു. എന്നാൽ സിജോ ചെന്നപ്പോഴേക്കും പൂച്ച റോഡില്‍നിന്നു മാറിയിരുന്നു.
പിന്നാലെ അതിവേഗത്തില്‍ വന്ന വാഹനം സിജോയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിജോയുടെ ജീവന്‍ രക്ഷിക്കാനായില്ല.
നാട്ടുകാർക്കെല്ലാം പ്രിയങ്കരനായ സിജോ വലിയ മൃഗസ്‌നേഹിയാണെന്നും വീട്ടിലും ഒരുപാട് വളര്‍ത്തു മൃഗങ്ങളുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
















Discussion about this post