പെരുന്നാളിന് വസ്ത്രമെടുക്കാനെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി, പിന്നാലെ കാണാതായി, യുവതിയെയും മക്കളെയും കണ്ടെത്തിയത് ഡൽഹിയിൽ

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നാദാപുരം വളയത്ത് നിന്നും കാണാതായ യുവതിയേയും മക്കളേയും ഡല്‍ഹിയില്‍ നിന്നും കണ്ടെത്തി. ഹാഷിദ, മക്കളായ ലുക്മാന്‍, മെഹ്‌റ ഫാത്തിമ എന്നിവരെയാണ് കണ്ടെത്തിയത്.

പെരുന്നാളിനോടനുബന്ധിച്ച് മക്കള്‍ക്ക് വസ്ത്രം എടുക്കാനുണ്ടെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയത്. പിന്നീട് ഇവരെ കാണാതാവുകയായിരുന്നു. സക്കീറിനൊപ്പം ഖത്തറിലായിരുന്ന മൂന്ന് പേരും ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ട്രെയിന്‍ മാര്‍ഗ്ഗം യശ്വന്ത്പൂരിലേക്ക് പോയതായും എടിഎം കൗണ്ടറില്‍ നിന്ന് 10,000 രൂപ പിന്‍വലിച്ച ശേഷം മറ്റൊരു ട്രെയിനില്‍ ഡല്‍ഹിയിലേക്ക് തിരിച്ചതായും കണ്ടെത്തി.

സംഭവം അറിഞ്ഞ് സക്കീർ ഖത്തറിൽ നിന്നും ഡൽഹിയിൽ എത്തിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് യുവതിയെയും മക്കളെയും ഡൽഹിയിൽ നിന്നും കണ്ടെത്തിയത്. മൂവരെയും നാളെ സ്റ്റേഷനില്‍ ഹാജരാക്കാന്‍ സക്കീറിനോട് പോലീസ് ആവശ്യപ്പെട്ടു.

Exit mobile version