ന്യൂഡല്‍ഹി: ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് കൂട്ടുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു ആരോഗ്യ മന്ത്രി.
ആശ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ ഉള്‍പ്പടെ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്ര മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും എല്ലാം അദ്ദേഹം വളരെ വിശദമായി കേട്ടുവെന്നും മന്ത്രി പറഞ്ഞു.
ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്നതും അവരെ തൊഴില്‍ നിയമങ്ങളുടെ പരിധിയില്‍ കൊണ്ടുവരുന്നതുള്‍പ്പടെ സംസാരിച്ചു. ഇന്‍സെന്റീവ് ഉയര്‍ത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ പരിഗണണനയിലാണെന്ന് മന്ത്രി പറഞ്ഞുവെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേർത്തു.
കൂടാതെ സംസ്ഥാനത്തിന് എയിംസ് എന്ന ആവശ്യവും കൂടിക്കാഴ്ചയില്‍ ഉന്നയിച്ചുവെന്നും കേരളത്തിന് എയിംസ് വൈകാതെ ലഭിക്കുമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും വീണ ജോർജ് പറഞ്ഞു.
Discussion about this post