മക്കൾ കറുത്തുപോയാൽ തീർന്നു എന്ന് കരുതുന്നവരുണ്ട്, കറുപ്പും വെളുപ്പും എന്ന വിവേചനം നമ്മൾ കരുതുന്നതിനും അപ്പുറമാണ് എന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: കറുപ്പും വെളുപ്പും എന്ന വിവേചനം നമ്മൾ കരുതുന്നതിനും അപ്പുറമാണ് എന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. കിർത്താട്സിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ദേശീയ ഗോത്ര സാഹിത്യോത്സവത്തിൽ സംസാരിക്കവെയാണ് ചീഫ് സെക്രട്ടറി ഇക്കാര്യം പറഞ്ഞത്.

മക്കൾ കറുത്തുപോയാൽ തീർന്നു എന്ന് കരുതുന്നവർ ഉണ്ട്. ആ ചിന്താഗതി പൊളിക്കണമെന്നും പുതിയ ചർച്ചകൾ കൊണ്ടു വരണമെന്നും കറുപ്പിന്റെ സൗന്ദര്യം നിങ്ങൾ അറിയാത്തത് ഒരു നഷ്ടം ആണെന്ന് തോന്നിപ്പിക്കണമെന്നും ചീഫ് സെക്രട്ടറി പറ‍ഞ്ഞു.

കറുപ്പ് വെളുപ്പ് എന്ന വിവേചനം അനുഭവിച്ചെന്ന് ഒരുപാട് പേർ തന്നോട് പറഞ്ഞു. കറുപ്പും വെളുപ്പുമെന്ന വിവേചനം നേരിട്ട, പോസ്റ്റിൽ സൂചിപ്പിച്ച സംഭവത്തിൽ മാനസിക വിഷമം തോന്നി എന്നും ശാരദ മുരളീധരൻ പറഞ്ഞു.

ഒരു വിഷമം ഉണ്ടാകുമ്പോൾ ആദ്യം നീറുകയും പിന്നീട് അതിജീവിക്കുകയും മറക്കുകയും ചെയ്യാറാണ് പതിവ്. അതിനോട് പൊരുത്തപ്പെട്ട് പോയാൽ പിന്നീട് ഓർക്കാറുപോലുമില്ലെന്നും നിങ്ങൾ അതിനെക്കുറിച്ച് വീണ്ടും വീണ്ടും ചോദിക്കുന്നത് കൊണ്ടാണ് ഓർക്കുന്നതെന്നും ശാരദ മുരളീധരൻ പറഞ്ഞു.

Exit mobile version