ചികിത്സക്കെത്തിയ വയോധികയെ തോളിൽ കൈയിട്ട് നടക്കാൻ സഹായിച്ചു, പിന്നാലെ നഷ്ടമായത് ഒരുപാവൻ്റെ സ്വർണമാല

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സക്കായെത്തിയ വയോധികയുടെ മാല മോഷ്ടിച്ചു. ഒറ്റൂർ മൂഴിയിൽ സ്വദേശിയായ സുലോചനയുടെ ഒരു പവൻ തൂക്കമുള്ള മാലയാണ് നഷ്ടപ്പെട്ടത്.

ഞെക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കായി എത്തിയപ്പോഴാണ് സുലോചനയുടെ സ്വർണമാല ഒരു സത്രീ മോഷ്ടിച്ച് കടന്നുകളഞ്ഞത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

ഒപി ടിക്കറ്റ് എടുക്കുന്ന സ്ഥലത്തെ തിരക്കിനിടെ നടക്കാൻ ബുദ്ധിമുട്ടിയ തന്നെ ഡോക്ടറുടെ അടുത്തെത്തിക്കാമെന്ന് പറഞ്ഞ് ഒരു സ്ത്രീ സഹായിച്ചെന്നും നടക്കാൻ പ്രയാസമുള്ളതിനാൽ സഹായം സ്വീകരിച്ചെന്നും സുലോചന പറയുന്നു.

അവർ പോകുന്നതിന് മുമ്പുവരെ മുതുകിനടുത്ത് കഴുത്തിൽ കൈ വച്ച് നിന്നാണ് സംസാരിച്ചത്. അവർ പോയതിന് തൊട്ടുപിന്നാലെ കഴുത്തിൽ മാല നോക്കിയെങ്കിലും കണ്ടില്ലെന്നും ആശുപത്രി പരിസരം അരിച്ചുപെറുക്കിയെങ്കിലും സ്ത്രീയെ കാണാനായില്ലെന്നും
സുലോചന പറയുന്നു.

സംഭവത്തിന് പിന്നാലെ ആശുപത്രി അധികാരികൾക്ക് പരാതി നൽകിയെന്നും കല്ലമ്പലം പൊലീസിലും പരാതി നൽകുമെന്നും സുലോചന പറയുന്നു.

Exit mobile version