കൊച്ചി: പശുവിനെ തിരഞ്ഞ് കാട്ടിനുള്ളില്‍ പോയി വഴിതെറ്റിയ മൂന്ന് സ്ത്രീകളെയും കണ്ടെത്തി. കോതമംഗലത്താണ് സംഭവം. മാളോക്കുടി മായാ ജയന്, കാവുംപടി പാറുക്കുട്ടി കുഞ്ഞുമോന്, പുത്തന്‍പുര ഡാര്‍ളി സ്റ്റീഫന്‍ എന്നിവരെയാണ് കണ്ടെത്തിയത്.
കുട്ടമ്പുഴ വനത്തിനകത്ത് ആറു കിലോമീറ്റര്‍ അകലെ അറക്കമുത്തി എന്ന സ്ഥലത്ത് നിന്നാണ് കണ്ടെത്തിയത്. ബുധനാഴ്ചയാണ് മായയുടെ പശു കുട്ടമ്പുഴ അട്ടിക്കളം വനമേഖലയിലേക്ക് കയറിപ്പോയത്. പശുവിനെ തിരക്കി മൂവരും വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കാടിനുള്ളിലേക്ക് പോവുകയായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മൂന്ന് സ്ത്രീകളെ വനത്തില്‍ കാണാതായതായി സ്ഥിരീകരിക്കുന്നത്. അതേസമയം, കാണാതായ മായയുമായി നാല് മണിയോടെ ഭര്‍ത്താവ് ഫോണില്‍ സംസാരിച്ചിരുന്നു.
മൂവരും വഴിതെറ്റി ആനക്കൂട്ടത്തിന്റെ ഇടയില്‍പ്പെട്ടോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. തുടർന്ന് നാല് സംഘങ്ങളായി തിരിഞ്ഞ് പൊലീസും അഗ്നി രക്ഷാ സേനയും, വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും ഇവരെ കണ്ടെത്താനായില്ല.
കഴിഞ്ഞ ദിവസം രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കാട്ടില്‍ തുടര്‍ന്ന രണ്ടു സംഘമാണ് ഇന്ന് രാവിലെ മൂവരെയും കണ്ടെത്തിയത്.