ഭാര്യയുമായി വഴക്ക്, ഒന്നരവയസ്സുകാരി മകളെയും കൊണ്ട് ട്രെയിനിന് മുന്നില്‍ച്ചാടി ജീവനൊടുക്കി 37കാരന്‍

ആലപ്പുഴ: ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ മകളേയും കൊണ്ട് യുവാവ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. ആലപ്പുഴയിലാണ് സംഭവം. വഴിച്ചേരി വൈക്കത്തുപറമ്പ് വീട്ടില്‍ അനീഷ് എന്ന ഔസേപ്പ് ദേവസ്യ ( 37), മകള്‍ ഒന്നരവയസ്സുകാരി ഏദ്ന എന്നിവരാണ് മരിച്ചത്.

കുടുംബപ്രശ്‌നത്തെ തുടര്‍ന്നാണ് ജീവനൊടുക്കിയത്. മാളികമുക്ക് കാഞ്ഞിരംചിറയിലുള്ള സ്‌നേഹയാണ് അനീഷിന്റെ ഭാര്യ. സ്‌നേഹയുടെ വീട്ടിലെത്തിയ അനീഷ് അവരുമായി വാക്ക് തകര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് കുഞ്ഞിനേയും കൊണ്ട് ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി 7.40 മാളികമുക്കിന് വടക്ക് ലെറ്റര്‍ലാന്‍ഡ് സ്‌കൂളിന് സമീപത്തുവെച്ചായിരുന്നു സംഭവം. എറണാകുളം-കായംകുളം പാസഞ്ചര്‍ ട്രെയിനിനു മുന്നിലാണ് കുഞ്ഞിനെയും കൊണ്ട് അനീഷ് ചാടിയത്.

അനീഷ് തല്‍ക്ഷണം മരിച്ചു. തെറിച്ചു വീണ കുഞ്ഞിനെ ജനറല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

കേറ്ററിങ് നടത്തുന്ന അനീഷ് കുറെക്കാലം ഗള്‍ഫിലായിരുന്നു. സ്വകാര്യ ബാങ്കില്‍ ജീവനക്കാരിയാണ് സ്‌നേഹ. ഇവര്‍ക്ക് ഏദന്‍ എന്ന മകനുമുണ്ട്.

Exit mobile version