സപ്ലിമെന്ററി കണ്‍സഷന്‍ കരാരില്‍ ഒപ്പുവെച്ചു, 2034 മുതല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് വരുമാന വിഹിതം

vizhinjam port|bignewslive

തിരുവനന്തപുരം: 2034 മുതല്‍ സംസ്ഥാന സര്‍ക്കാരിന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിയില്‍ നിന്നും വരുമാന വിഹിതം ലഭിക്കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍. വാണിജ്യ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള സപ്ലിമെന്ററി കണ്‍സഷന്‍ കരാരില്‍ ഒപ്പുവെച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ സംസ്ഥാന സര്‍ക്കാരും അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് ഒപ്പുവച്ചത്. വിഴിഞ്ഞം തുറമുഖത്തിന്റെ മുഴുവന്‍ ഘട്ടങ്ങളും കരാര്‍ പ്രകാരം 2028 നുളളില്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഇതിലൂടെ ആദ്യ കരാര്‍ അനുസരിച്ച് ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ വരുമാനം സര്‍ക്കാരിന് ലാഭവിഹിതമായി ലഭിക്കുമെന്നും മുന്‍ കരാര്‍ പ്രകാരം തുറമുഖം പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം 15-ാം വര്‍ഷം മുതലാണ് സംസ്ഥാന സര്‍ക്കാരിന് തുറമുഖ വരുമാനത്തിന്റെ വിഹിതം ലഭിച്ചു തുടങ്ങുകയെന്നും മന്ത്രി പറഞ്ഞു.

പദ്ധതി വിവിധ കാരണങ്ങളാല്‍ പൂര്‍ത്തീകരണം വൈകിയ സാഹചര്യത്തില്‍ വരുമാന വിഹിതം 2039 മുതല്‍ മാത്രം അദാനി ഗ്രൂപ്പ് നല്‍കിയാല്‍ മതിയായിരുന്നു.

എന്നാല്‍, ഇപ്പോള്‍ എത്തിച്ചേര്‍ന്ന ധാരണ പ്രകാരം 2034 മുതല്‍ തന്നെ തുറമുഖത്തില്‍ നിന്നും വരുമാനത്തിന്റെ വിഹിതം സര്‍ക്കാരിന് ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

Exit mobile version