നാട്ടികയിലെ വാഹനാപകടം, സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ നാട്ടികയിൽ ലോറി പാഞ്ഞുകയറി രണ്ടു പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് തൃശൂർ ജില്ലാ പോലീസ് മേധാവി (റൂറൽ) 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു.

കമ്മീഷൻ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മദ്യലഹരിയിൽ ക്ലീനർ ഓടിച്ച ലോറി പാഞ്ഞുകയറിയാണ് അപകടമുണ്ടായത്.

സംഭവത്തിൽ പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. യാത്രക്കിടയിൽ ഡ്രൈവറുമൊത്ത് തുടർച്ചയായി മദ്യപിച്ചെന്നും മദ്യലഹരിയിൽ മയങ്ങിപ്പോയെന്നുമാണ് ക്ലീനർ അലക്സിന്‍റെ മൊഴി. കേസിലെ പ്രതികളായ ഡ്രൈവറെയും ക്ലീനറെയും കോടതി റിമാൻഡ് ചെയ്തു.

Exit mobile version