തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം വീട്ടില്‍ ഒളിപ്പിച്ചു വെച്ച കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ചു. ഇരട്ട ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. നെയ്യാറ്റിന്‍കര, ചെങ്കല്‍, കുഴിച്ചാണി അശ്വതി ഭവനില്‍ ജോണിനെ(53)യാണ് ഇരട്ട ജീവപര്യന്തം കഠിന തടവിനും 2 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനുമായി നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എ.എം.ബഷീര്‍ ശിക്ഷിച്ചത്.
ചെങ്കല്‍, തൃക്കണ്ണപുരം, പുല്ലുവിള പുത്തന്‍ വീട്ടില്‍ തോമസിനെ(43)യാണ് ജോണ്‍ കൊലപ്പെടുത്തിയത്. പ്രതി ജോണ്‍ കൊലചെയ്യപ്പെട്ട തോമസിനോട് മുന്‍വൈരാഗ്യമുണ്ടായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ ജോണി, തോമസിന്റെ സഹോദരിയോട് സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചത് തോമസ് വിലക്കിയിരുന്നു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ ഉന്തും തള്ളും പിടിവലിയും കളിയാക്കലുകളും പതിവായിരുന്നു.
ജൂണ്‍ 23ന് രാത്രി ചെങ്കല്‍ വട്ടവിള ജംഗ്ഷനില്‍ ജോജു എന്നയാള്‍ നടത്തിയിരുന്ന മുത്തൂസ് ഹോട്ടലിന് മുന്‍വശത്ത് വെച്ചാണ് കുറ്റകൃത്യത്തിന്റെ തുടക്കം. കാപ്പി കുടിക്കാന്‍ എത്തിയ തോമസിനെ പിന്തുടര്‍ന്ന് എത്തിയ പ്രതി ജോണി, തോമസിനെ നാട്ടുകാരുടെ മുന്നില്‍ വെച്ചു പിടിച്ചു തള്ളുകയും കളിയാക്കുകയും ചെയ്തു.
സ്വന്തം വീട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങിയ തോമസിനെ പ്രതി ജോണി നിര്‍ബന്ധിച്ച് അയാളുടെ ബൈക്കില്‍ കയറ്റി കുഴിച്ചാണിയിലെ പ്രതി താമസിക്കുന്ന അശ്വതി ഭവന്‍ വീടിന്റെ ഹാള്‍മുറിയില്‍ ബലമായി കൊണ്ട് ചെന്ന് രാത്രിയില്‍ മര്‍ദ്ദിച്ച് അവശനാക്കി.
പാറക്കഷണം കൊണ്ട് തോമസിന്റെ നെഞ്ചില്‍ ഇടിച്ച് എട്ട് വാരിയെല്ലുകള്‍ പൊട്ടിച്ചും തല പിടിച്ച് മുറിയില്‍ ഉണ്ടായിരുന്ന കട്ടിലിന്റെ കാലില്‍ ഇടിച്ചുമാണ് തോമസിനെ ജോണി കൊലപ്പെടുത്തിയത്. അടുത്ത ദിവസമാണ് തോമസിന്റെ മൃതദേഹം വീടിന് പുറത്തുള്ള കോമ്പൗണ്ട് മതിലിനോട് ചേര്‍ന്ന് കിടക്കുന്നതായി കണ്ടെത്തിയത്. തുടക്കത്തില്‍ അസ്വാഭാവിക മരണത്തിനാണ് പാറശ്ശാല പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.