ഇടുക്കി: കട്ടപ്പന നഗരത്തിലെ ഹോട്ടലില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്ന് ജീവനുള്ള പുഴുവിനെ ലഭിച്ചതായി പരാതി. തിങ്കളാഴ്ച രാത്രിയില്‍ ഇടുക്കി കവലയിലെ മഹാരാജാ ഹോട്ടലില്‍ നിന്നും ദമ്പതികള്‍ കഴിച്ച ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. പുഴുവിനെ കണ്ടെത്തിയ ഭക്ഷണം പാഴ്‌സല്‍ ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും ഹോട്ടല്‍ ജീവനക്കാര്‍ ഇതു നിരസിക്കുകയും വീഡിയോ എടുക്കുന്നത് കണ്ട് പെട്ടെന്ന് എടുത്തു കൊണ്ടു പോയി എന്നുമാണ് ദമ്പതികളുടെ പരാതി.
തുടര്‍ന്ന് ഇവര്‍ കട്ടപ്പന നഗരസഭയില്‍ പരാതി നല്‍കി. കട്ടപ്പന ഇടുക്കികവലയില്‍ പ്രവര്‍ത്തിക്കുന്ന മഹാരാജ ഹോട്ടലില്‍ നിന്നാണ് പുഴു അരിച്ച ഭക്ഷണം ലഭിച്ചത്.
തിങ്കള്‍ രാത്രിയില്‍ ഏഴുമണിയോടെ കാഞ്ചിയാര്‍ സ്വദേശികളായ ദമ്പതികള്‍ ഹോട്ടലില്‍ കയറി കപ്പ ബിരിയാണി ആവശ്യപ്പെട്ടു. കഴിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് ആഹാരത്തില്‍ പുഴുവിനെ കണ്ടത്. തുടര്‍ന്ന് വീഡിയോ എടുക്കാന്‍ ശ്രമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ വന്ന് ആഹാരം തിരികെ എടുത്തു.
ഈ ഭക്ഷണം പാഴ്‌സല്‍ ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ വിസമ്മതിച്ചു എന്നും, വിഷയം ഒത്തുതീര്‍പ്പാക്കാന്‍ ഉടമ ശ്രമിച്ചു എന്നുമാണ് ദമ്പതികളുടെ പരാതി. തുടര്‍ന്ന് ചൊവ്വാഴ്ച ഇവര്‍ നഗരസഭയില്‍ രേഖാ മൂലം പരാതി നല്‍കി. ദമ്പതികളുടെ പരാതിയേ തുടര്‍ന്ന് നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടലില്‍ പരിശോധന നടത്തി.
സംഭവം ഉണ്ടായി മണിക്കൂറുകള്‍ക്കുശേഷം പരാതി നല്‍കുമ്പോള്‍, പരാതിക്ക് അടിസ്ഥാനമായ ഭക്ഷണം നശിപ്പിക്കാന്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് അവസരം ലഭിക്കുകയാണ്. അതുകൊണ്ട് തന്നെ ഹോട്ടലുകളില്‍ നിന്നും ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ ഉടന്‍തന്നെ നഗരസഭ അധികൃതരെ 9961751089 എന്ന നമ്പറില്‍ അറിയിക്കണം എന്ന് ക്ലീന്‍ സിറ്റി മാനേജര്‍ ജിന്‍സ് സിറിയക് പറഞ്ഞു.