ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മറുപടി പറയേണ്ടത് അമ്മയല്ല, കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം: നടന്‍ മോഹന്‍ലാല്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉത്തരം പറയേണ്ടത് അമ്മയല്ലെന്ന് നടന്‍ മോഹന്‍ലാല്‍. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്. ഏറ്റവും കൂടുതല്‍ ചോദ്യ ശരങ്ങള്‍ വരുന്നത് തനിക്കും അമ്മയ്ക്കും നേരെയാണ്. ഈ സാഹചര്യത്തില്‍ അഭിഭാഷകരോട് അടക്കം സംസാരിച്ചാണ് അമ്മയുടെ ചുമതലകളില്‍ നിന്ന് രാജിവെച്ചതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

അമ്മയ്ക്ക് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ കൊടുക്കാനുണ്ട്, ഇന്‍ഷുറന്‍സ് കൊടുക്കാനുണ്ട്, വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനുണ്ട്, മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കുന്നുണ്ട്. അതൊന്നും നിര്‍ത്തിവച്ചിട്ടില്ല. ഗൂഗിള്‍ മീറ്റ് വഴി എല്ലാ ഭാരവാഹികളുടെയും അനുമതി വാങ്ങിയിട്ടാണ് രാജി തീരുമാനം പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മലയാള സിനിമാ വ്യവസായം തകരാന്‍ പോവുന്ന സ്ഥിതിയാണ്. താന്‍ അഭിനയത്തിലേക്ക് വന്നപ്പോള്‍ ഒരു സൗകര്യവും ഉണ്ടായില്ല. ഒരുപാട് നല്ല താരങ്ങളുള്ള വ്യവസായ രംഗമാണ്. മലയാള സിനിമയിലേക്ക് ഫോക്കസ് ചെയ്ത് ഈ മേഖലയെ ആകെ തകര്‍ക്കരുത്. സര്‍ക്കാരും പോലീസും കുറ്റക്കാര്‍ക്കെതിരെയുണ്ട്. കോടതി വരെ എത്തി നില്‍ക്കുന്ന വിഷയമാണ് ഇത്. പതിനായിരക്കണക്കിന് പേര്‍ ജോലി ചെയ്യുന്ന വ്യവസായ രംഗമാണിതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കണം. താനൊരാള്‍ വിചാരിച്ചാല്‍ നിയമം മാറ്റാന്‍ സാധിക്കില്ല. ഈ പ്രതിസന്ധിയെ മറികടന്ന് മലയാള സിനിമാ മേഖലയെ പുനര്‍ നിര്‍മ്മിച്ച് എടുക്കണം. ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് അസോസിയേഷന്‍ ഉണ്ടാകണം. നിയമ നിര്‍മ്മാണ സമിതിയുണ്ടാകും. താരങ്ങള്‍ സെന്റിമെന്റലാണ്. വളരെയധികം സങ്കടമുണ്ട്. അമ്മയുടെ പ്രസിഡന്റ് എന്ന നിലയിലല്ല. ഏറെക്കാലം മലയാള സിനിമയുടെ ഭാഗമായി നില്‍ക്കുന്നയാളെന്ന നിലയിലാണ് പ്രതികരിക്കുന്നത്. ഇതൊരു വലിയ ദേശീയ അന്തര്‍ദേശീയ വാര്‍ത്തയായി മലയാള സിനിമാ രംഗം തകരാന്‍ കാരണമാവരുതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version