കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ കിടപ്പാടം നഷ്ടമായതിനെ തുടര്‍ന്ന് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് താത്ക്കാലിക പുനരധിവാസത്തിനുള്ള സംവിധാനം ഉടന്‍ ഒരുക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്.
ദുരന്തത്തില്‍ നഷ്ടമായ മുഴുവന്‍ രേഖകളും ലഭ്യമാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗ്ഗ നിര്‍ദേശപ്രകാരം ക്യാമ്പുകളിലുള്ളവരുടെ നഷ്ടപ്പെട്ടുപോയ രേഖകള്‍ സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കുമെന്നും മന്ത്രി പറഞ്ഞു.
രണ്ടുദിവസത്തിനകം വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വിവരശേഖരണം പൂര്‍ത്തിയാക്കും. താത്ക്കാലിക പുനരധിവാസത്തിനുള്ള സംവിധാനമൊരുക്കുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ മേപ്പാടി പഞ്ചായത്തിന്റെ സമീപ പഞ്ചായത്തുകളിലുള്ള സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര കെട്ടിടങ്ങളുടെ വിവരശേഖരണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പുനരധിവാസത്തിന് സ്ഥിരം സംവിധാനത്തിന് സംസ്ഥാന തലത്തില്‍ ചര്‍ച്ച ചെയ്ത് വരികയാണ്. ദുരന്തത്തിന്റെ ഭാഗമായി 352 വീടുകള്‍ പൂര്‍ണമായും 122 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ടെന്നും കെട്ടിടങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് ക്യാമ്പിലുള്ളവരെ താല്‍ക്കാലികമായി മാറ്റുമെന്നും മന്ത്രി പറഞ്ഞു.