ഭോപ്പാല്‍: വിവാഹത്തിനിടെ മധ്യപ്രദേശിലെ അശോക് നഗറില്‍ 22 കാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. പ്രധാന പ്രതിയായ കാലു എന്ന സലിം ഖാന്‍ മുമ്പ് യുവതിയെ ബലാത്സംഗം ചെയ്യുകയും വീഡിയോ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് മറ്റൊരു പുരുഷനുമായി വിവാഹം നടക്കുമ്പോഴാണ് യുവതിയെയും വീട്ടുകാരെയും കാലു ആക്രമിച്ചത്.
കാലുവിന്റെ സുഹൃത്തുക്കളായ ജോധ, സമീര്‍, ഷാരൂഖ് എന്നിവര്‍ക്കൊപ്പം എത്തി യുവതിയുടെ വീട് അടിച്ചുതകര്‍ത്തു. പിന്നീട് കുടുംബത്തെ ആക്രമിക്കുകയും പിതാവിന്റെ കാലും സഹോദരന്റെ കൈയും തല്ലി ഒടിക്കുകയും ചെയ്തു. സംഭവത്തില്‍ യുവതിയുടെ അമ്മയ്ക്കും ക്രൂരമായി മര്‍ദനമേറ്റു.
വാളുകളും ഇരുമ്പ് വടികളും വീശി അക്രമികള്‍ യുവതിയെ വീട്ടില്‍ നിന്ന് വലിച്ചിറക്കി. വീട്ടുകാരും സ്ത്രീയും സഹായത്തിനായി നിലവിളിച്ചതോടെ ജനക്കൂട്ടം തടിച്ചുകൂടി. പ്രതികള്‍ നാട്ടുകാരെ ഭീഷണിപ്പെടുത്തിയെങ്കിലും ആള്‍ക്കൂട്ടം വര്‍ധിച്ചതോടെ യുവതിയെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
Discussion about this post